വിരമിക്കുന്ന ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് യാത്രയയപ്പ് നല്കി
തിരുവനന്തപുരം: വിരമിക്കുന്ന ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് യാത്രയയപ്പ് നല്കി. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കെകെ ശൈലജ, എംഎം മണി, ഡോ കെടി ജലീല്‍, മാത്യു ടി തോമസ്, രാമചന്ദ്രന് കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്, നിയുക്ത ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം കാര്യത്തെക്കാള്‍ നാടിനും ജനങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ കാലത്തെ അനുഭവം സൃഷ്ടിച്ചെടുക്കാന്‍ കുറച്ചു പേര്‍ക്കേ സാധിക്കൂ. സ്നേഹപൂര്‍വമായ പെരുമാറ്റം, ഉയര്‍ന്ന നിലവാരത്തിലുള്ള അര്‍പ്പണബോധം, സൂക്ഷ്മ അവലോകന ശക്തി, ഭാവനാപൂര്‍ണമായ ആസൂത്രണ ശേഷി, പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള നിര്‍വഹണ ശേഷി എന്നിവ പോള്‍ ആന്റണിയുടെ പ്രത്യേകതയാണ്, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.