ഗ്ലോബല്‍ ടി20 ക്ക് ഇന്ന് തുടക്കം
കനേഡിയന്‍ ടി 20 ലീഗായ ഗ്ലോബല്‍ ടി20 ക്ക് ഇന്ന് തുടക്കം കുറിക്കും. വാന്‍കൂവര്‍ നൈറ്റ്സ് – ടൊറോണ്ടോ നാഷണല്‍സ് എന്നീ ടീമുകളാണ് ആദ്യ മത്സരത്തിനായി ഇറങ്ങുക. മുന്‍ നിര അന്താരാഷ്ട്ര താരങ്ങളാണ് ഇരു ടീമുകളിലുമായി അണിനിരക്കുന്നത്. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ക്രിക്കറ്റിലേക്ക് ടൊറോണ്ടോ നാഷണല്‍സിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ടി 20 ക്ക് ഉണ്ട്.
ആറ് ടീമൂകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍, 18 പ്രാഥമിക റൗണ്ട് മത്സരങ്ങളും, മൂന്ന് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ശേഷമാണ് ഫൈനല്‍ നടക്കുക. ജൂലൈ 15നാണ് ടൂര്‍ണ്ണമെന്റ് ഫൈനല്‍. ക്രിസ് ഗെയിലാണ് വാന്‍കൂവര്‍ നൈറ്റ്സിനെ നയിക്കുന്നത്. വിന്‍ഡീസ് താരം ഡാരെന്‍ സാമിയാണ് ടൊറോണ്ടോയുടെ നായകന്. ആന്‍ഡ്രേ റസ്സല്‍, എവിന്‍ ലൂയിസ്, ടിം സൗത്തി, ചാഡ്വിക് വാള്‍ട്ടണ്‍, കീറണ്‍ പൊള്ളാര്‍ഡ്, കമ്രാന്‍ അക്മല്‍, കെസ്രിക് വില്യംസ് എന്നിങ്ങനെ മറ്റു പ്രമുഖ താരങ്ങളും ഇന്നത്തെ മത്സരത്തില്‍ അണി നിരക്കുന്നുണ്ട്.