ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പകരം സൗദിയില്‍നിന്നും കുവൈത്തില്‍നിന്നുമുള്ള ഇറക്കുമതി കൂട്ടാന്‍ സാധ്യതകളാരായുന്നതായും സൂചന. എണ്ണക്കമ്ബനി പ്രതിനിധികളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണു കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ണായക നീക്കം.
ആണവ സമ്ബുഷ്‌ടീകരണ വിഷയത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന്‌ ഇന്ത്യയോടും ചൈനയോടും അമേരിക്ക കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെങ്കിലും മറ്റു മാര്‍ഗം തേടണമെന്ന്‌ പെട്രോളിയം മന്ത്രാലയം എണ്ണക്കമ്ബനികളോട്‌ ആവശ്യപ്പെട്ടു.
യു.എസ്‌. ആവശ്യപ്പെടുത്തതുപോലെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തലാക്കുന്നത്‌ പ്രായോഗികമല്ലെന്ന നിലപാടിലാണു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ അടുത്ത നവംബറോടെ ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കാന്‍ തയാറായിരിക്കണമെന്ന നിര്‍ദേശമാണു കേന്ദ്രം എണ്ണക്കമ്ബനികള്‍ക്കു നല്‍കിയിരിക്കുന്നത്‌. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള സാധ്യതയും കേന്ദ്രം തള്ളുന്നില്ല.
ഇറാനില്‍നിന്നുള്ള എണ്ണ ലഭ്യത കുറയുന്നതു രാജ്യാന്തര വിപണിയെ പ്രതിസന്ധിയിലാക്കുമെന്നും ആശങ്കയുണ്ട്‌. ഉല്‍പാദനം കൂട്ടാമെന്ന ഒപെക്‌ രാജ്യങ്ങളുടെ ഉറപ്പിലാണ്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതീക്ഷ. ജൂലൈ മുതല്‍ പ്രതിദിന ഉല്‍പാദനം 10 ലക്ഷം ബാരല്‍ വര്‍ധിപ്പിക്കാമെന്ന്‌ ഒപെക്‌ രാജ്യങ്ങള്‍ റഷ്യയുമായും മറ്റ്‌ എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി ധാരണയിലായിട്ടുണ്ട്‌. ആനുപാതിക ഉല്‍പാദന വര്‍ധനയ്‌ക്ക്‌ സൗദിയും സമ്മതം മൂളിയിട്ടുണ്ട്‌.
അമേരിക്കന്‍ ഉപരോധത്തിന്‍റെ സമ്മര്‍ദത്തിനു വഴങ്ങി റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ ഇറാനില്‍നിന്നുള്ള ഇറക്കുമതി നിര്‍ത്തിവച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മാംഗളൂര്‍ റിഫൈനറീസ്‌ ആന്‍ഡ്‌ പെട്രോ കെമിക്കല്‍സ്‌ ലിമിറ്റഡ്‌, നയരാ എനര്‍ജി എന്നിവയാണ്‌ ഇറാനിയന്‍ എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യന്‍ കമ്ബനികളില്‍ മുന്നിലുള്ളത്‌. റഷ്യന്‍ വമ്ബനായ റോസ്‌നെഫ്‌റ്റിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്ബനിയായ നയരാ എനര്‍ജി ഇറക്കുമതി നിര്‍ത്തിവയ്‌ക്കാന്‍ തയാറെടുക്കുകയാണ്‌.

Leave A Reply

Your email address will not be published.