അഭിമന്യുവിന്റെ കൊലപാതകം; പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു
കൊച്ചി: എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം നടത്തിയ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലുള്ള സൈഫുദ്ദീന് എന്ന പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. എറണാകുളം നെട്ടൂര്‍ സ്വദേശികളായ ഇവരില്‍ ആറുപേര്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രധാനപ്രതി വടുതല സ്വദേശി മുഹമ്മദും കുടുംബവും വീടുപൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാണ് പൊലീസ് നടത്തുന്നത്. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ കണ്ടെത്താന്‍ എറണാകുളം കോട്ടയം ജില്ലകളിലെ എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികള്‍ ചോദ്യം ചെയ്യുന്നതിനോട് സഹകരിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എല്ലാ ചോദ്യങ്ങള്‍ക്കും പഠിച്ച് ഉറച്ച പോലെയാണ് പ്രതികള്‍ ഉത്തരം നല്‍കുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഏതാണ്ട് 140 ഓളം എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. എസ്.എഫ്.ഐക്കാരുടെ മൊഴിയില്‍ നീലയും കറുപ്പും ഇടകലര്‍ന്ന ഷര്‍ട്ട് ധരിച്ച ആളാണ് അഭിമന്യുവിനെയും അര്‍ജ്ജുനെയും കുത്തിയതെന്ന് പറഞ്ഞിരുന്നു. അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇങ്ങനെ ഒരാളെ കണ്ടെത്തിയിട്ടില്ല. ഡി.ജി.പി ലോക്നാഥ് ബഹ്റ അന്വേഷണ സംഘവുമായി ഇന്നലെ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും കൊലയാളിയുടെ സൂചന പോലും നല്കാന് പൊലീസിനായിരുന്നില്ല. എന്നാല്‍ കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനാല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് നല്കുന്ന സൂചന.