ബെല്‍ജിയം ലോകകപ്പ് സെമിയിലേക്ക്
കസാന്‍: ബെല്‍ജിയം ലോകകപ്പ് സെമിയിലേക്ക്. ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് ബ്രസീലിന്റെ വിധി നിര്‍ണയിച്ചത്. 13ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ വഴങ്ങിയപ്പോള്‍, കെവിന് ഡിബ്രൂയിന് 31ാം മിനിറ്റില്‍ ബ്രസീലിന്റെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ലുക്കാക്കു നല്കിയ പാസ്സ് പിടിച്ചെടുത്ത് കെവിന് ഡി ബ്രുയിന് ബോക്സിലേക്ക് ഓടിക്കയറി ഉതിര്‍ത്ത ഷോട്ട് ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ വലതുമൂലയില്‍ വിശ്രമിച്ചു.
76ാം മിനിറ്റില്‍ കുട്ടിന്യോ ബോക്സിലേക്ക് നല്കിയ ക്രോസില്‍ ഉയര്‍ന്നുചാടി പന്ത് വലയിലേക്ക് കുത്തിയിട്ടാണ് അഗസ്റ്റോ ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ബെല്‍ജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്. അതേസമയം, തുടര്‍ച്ചയായ നാലാം തവണയാണ് യൂറോപ്യന്‍ രാജ്യത്തോട് തോറ്റ് ബ്രസീല്‍ ലോകകപ്പില്‍ പുറത്താകുന്നത്.
യുറഗ്വായ്ക്കു പിന്നാലെ ബ്രസീലും പുറത്തായതോടെ ഇനി റഷ്യന്‍ മണ്ണില്‍ അവശേഷിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ്. ഫ്രാന്‍സും ബെല്‍ജിയവും സെമി ഉറപ്പാക്കി. നേരത്ത നടന്ന ആദ്യ ക്വാര്‍ട്ടറില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളിന് തറപറ്റിച്ചാണ് ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്.ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് സ്വീഡനെയും റഷ്യ ക്രൊയേഷ്യയെയും നേരിടും.