ഇംഗ്ലണ്ടും കൊളംബിയയും തമ്മില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യം
മോസ്കോ: ഇംഗ്ലണ്ടും കൊളംബിയയും തമ്മില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഒപ്പു ശേഖരണം. ഫിഫയ്ക്ക് കൊളംബിയന്‍ ആരാധകരായ 2,35,000 ആളുകള്‍ ഒപ്പുവച്ച നിവേദനം നല്കി. മത്സരം നിയന്ത്രിച്ച റഫറി മാര്‍ക് ഗീഗര്‍ ഇംഗ്ലണ്ടിന് അനുകൂലമായി നിലകൊണ്ടെന്നും അതു കൊളംബിയയുടെ തോല്‍വിയിലേക്ക് നയിച്ചെന്നുമാണു പരാതി.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി അന്യായമാണ് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. അധിക സമയത്ത് കാര്‍ലോസ് ബാക്കയുടെ ഗോള്‍ അനുവദിക്കാതിരുന്നതും ആരാധകരെ ചൊടിപ്പിച്ചു.
നേരത്തെ റഫറിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൊളംബിയന്‍ നായകന് റാദാമല് ഫല്‍ക്കാവോയും ഇതിഹാസ താരം ഡീഗോ മാറഡോണയും രംഗത്തെത്തിയിരുന്നു. ഫിഫ പ്രതിഷേധിച്ചതോടെ മാറഡോണ മാപ്പു പറഞ്ഞിരുന്നു. റഫറിയുടെ പക്ഷപാതം ലോകകപ്പിന്റെ ശോഭ കെടുത്തിയെന്നു ഫല്‍ക്കാവോ ആരോപിച്ചു. പ്രീ ക്വാര്‍ട്ടറില്‍ മത്സരത്തില്‍ എട്ട് തവണയാണ് മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്. ആറു കൊളംബിയന്‍ താരങ്ങള്‍ക്കു മഞ്ഞക്കാര്‍ഡ് കിട്ടിയപ്പോള്‍ രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ മാത്രമാണു മഞ്ഞക്കാര്‍ഡ് കണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകള്‍ പിഴച്ച കൊളംബിയ ലോകകപ്പിനു പുറത്തായി.