അമ്ബതു വയസു കഴിഞ്ഞവര്‍ക്ക് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുന്നു

0

ലക്‌നോ: അമ്ബതു വയസു കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ജോലിയില്‍ വീഴ്‌ച വരുത്തുന്നുവെന്നു കണ്ടെത്തിയാല്‍ അവര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. 2017 മാര്‍ച്ച്‌ 31 നു 50 വയസ്‌ പിന്നിട്ട എല്ലാ ഉദ്യോഗസ്‌ഥരുടെയും പ്രവര്‍ത്തനം വിലയിരുത്തി ജൂലൈ 31 നു മുമ്ബ്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ സര്‍ക്കാര്‍ എല്ലാ വകുപ്പു മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. സംസ്‌ഥാന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി മുകുള്‍ സിംഘാള്‍ പുറത്തിറക്കിയ ഉത്തരവിലാണു വിവാദ നിര്‍ദേശം.50 വയസു പിന്നിട്ട എല്ലാ ഉദ്യോഗസ്‌ഥര്‍ക്കും യോഗ്യതാ പരിശോധന നടത്താനാണു തീരുമാനം.
പ്രവര്‍ത്തന മികവ്‌ തെളിയിക്കുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനാണു നീക്കം.  നാലു ലക്ഷത്തോളംപേരുടെ പ്രവര്‍ത്തനം ഇതിനായി വിലയിരുത്തും. തൊഴിലാളികളെ ദ്രോഹിക്കുന്നതാണു സര്‍ക്കാര്‍ ഉത്തരവെന്നും ഇത്‌ അംഗീകരിക്കില്ലെന്നും യു.പി. സെക്രട്ടേറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ യാദവേന്ദ്ര മിശ്ര പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു യോഗം വിളിച്ചിട്ടുണ്ട്‌. 1986 ലാണ്‌ യു.പി. സര്‍ക്കാര്‍ ആദ്യമായി ഇത്തരമൊരു തീരുമാനമെടുത്തത്‌. ഇതു സംബന്ധിച്ച ഉത്തരവുകള്‍ മുന്‍പുതന്നെ പുറത്തിറങ്ങിയിരുന്നെങ്കിലും നടപ്പാക്കാനുള്ള നീക്കങ്ങളുണ്ടായിട്ടില്ല.

Leave A Reply

Your email address will not be published.