പ്രധിരോധ ചെലവിലേക്കായി നാറ്റോ രാജ്യങ്ങള്‍ ഉല്‍പ്പാദനത്തിന്‍റെ നാല് ശതമാനം ചെലവഴിക്കണമെന്ന് ട്രംപ്

0

ബ്രസല്‍സ്: നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ ചെലവിലേക്കായി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ നാല് ശതമാനം ചെലവഴിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ജി.ഡി.പിയുടെ രണ്ട് ശതമാനമാണ് അംഗരാജ്യങ്ങള്‍ നാറ്റോയുടെ ചെലവിലേക്കായി വകയിരുത്തുന്നത്. എന്നാല്‍ ഔദ്യോഗിക സ്വഭാവത്തോടെയല്ല ട്രംപിന്‍റെ പരാമര്‍ശമെന്നും 29 അംഗ രാജ്യങ്ങളോട് പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാന്‍ ട്രംപ് അപേക്ഷിക്കുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
2017ല്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ നാറ്റോ രാജ്യങ്ങളെ പരസ്യമായി ട്രംപ് വിമര്‍ശിച്ചിരുന്നു. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുമ്ബായി നാറ്റോ ഫണ്ടിംഗിനെ കുറിച്ച്‌ അദ്ദേഹം ട്വീറ്റ് ചെയ്യുകയുമുണ്ടായി. മറ്റ് അംഗങ്ങള്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നാറ്റോ പ്രതിരോധ ചെലവിലേക്കായി അമേരിക്ക വകയിരുത്തേണ്ടി വരുന്നത് അന്യായമാണെന്നാണ് ട്രംപിന്‍റെ പരാതി.
അതേസമയം, വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തുക വകയിരുത്താന്‍ അംഗരാജ്യങ്ങള്‍ സമ്മതിച്ചതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബെര്‍ഗ് അറിയിച്ചു. എട്ടു രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം തന്നെ വാഗ്ദാനം നല്‍കിയതായും മറ്റു രാജ്യങ്ങള്‍ 2024ഓടെ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്ക്ക് അംഗരാജ്യങ്ങള്‍ ബില്യനുകള്‍ കുറയ്ക്കുകയാണ് ചെയ്ത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പങ്ക് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ പ്രതിരോധ ചെലവ് അംഗരാജ്യങ്ങള്‍ക്കിടയില്‍ തുല്യാമായി വീതിക്കാനാണ് പരിപാടിയെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു. 2024നിടയില്‍ നാറ്റോയ്ക്ക് 266 ബില്യന്‍ ഡോളര്‍ അധികം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.