ഗുജറാത്തില്‍ കനത്ത മഴ; 19 പേര് മരിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത നാശം വിതച്ച് പെയ്ത മഴയില്‍ ഇതുവരെ 19 പേര് മരിച്ചു. മഴക്കെടുതി ബാധിച്ചതിനെ തുടര്‍ന്ന് 950ലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നാവ്സാരി ജില്ലയിലാണ് മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത്. ഇവിടെ 641 ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്താക്കി. ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. പ്രളയം ബാധിച്ച സൗത്ത് ഗുജറാത്തിലും വഡോദരയിലും ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) നാലു സംഘങ്ങള്‍ രംഗത്തുണ്ട്. ഗാന്ധിനഗറില്‍ മൂന്നും അംറെലി, ജംനഗര്‍, മഹിസാഗര്‍, പലന്‍പുര്‍ എന്നിവിടങ്ങളില്‍ ഓരോ സംഘത്തെ വീതവും രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.