ട്രംപിനെതിരെ ലണ്ടനില്‍ പ്രതിഷേധം
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലണ്ടനില്‍ രണ്ടര ലക്ഷത്തിലേറെ പേര് പ്രതിഷേധവുമായി രംഗത്തെത്തി. ഡ്രംപ് ട്രംപ്- ട്രംപിനെ ഒഴിവാക്കൂ എന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് യു.എസ് പ്രസിഡന്റിനെതിരേ ജനലക്ഷങ്ങള്‍ ‘ചെറുത്തുനില്‍പ്പ് ഉല്‍സവം’ സംഘടിപ്പിച്ചത്. ട്രംപിന്റെ ചതുര്‍ദിന സന്ദര്‍ശനത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്ന സ്റ്റോപ്പ് ട്രംപ് എന്ന ഗ്രൂപ്പാണ് പ്രകടത്തിന് നേതൃത്വം നല്‍കിയത്.
ട്രംപിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് സെന്‍ട്രല്‍ ലണ്ടനിലൂടെ ജനങ്ങള്‍ പ്രകടനം നടത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പോര്‍ട്ട്ലാന്റ് പ്ലേസില്‍ ഒത്തുകൂടിയ വിവിധ വംശക്കാരും പ്രായക്കാരുമായ പ്രകടനക്കാര്‍ ട്രഫാള്‍ഗാര്‍ സ്ക്വയറിലേക്ക് നീങ്ങുകയായിരുന്നു. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്ബിന്, പാര്‍ലമെന്റംഗം ഡേവിഡ് ലാമി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.