കടുത്ത കാലവർഷത്തെ തുടർന്ന് കൊല്ലത്ത് വ്യാപക നാശനഷ്ടം

0

കൊല്ലം: കടുത്ത കാലവർഷത്തെ തുടർന്ന് കൊല്ലത്ത് വ്യാപക നാശനഷ്ടം,നൂറു വർഷം പഴക്കമുള്ള കൂറ്റൻ ആൽ മരം പിഴുത് മറിഞ്ഞത് വീട്ടിന് മുകളിൽ കുടുബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ ഏഴരയോടെ വീശിയടിച്ച കാറ്റില്‍ വീടിനു സമീപത്തായി റോഡരികില്‍ നിന്നിരുന്ന കൂറ്റന്‍ ആല്‍മരമാണു വീടിനു മുകളിലേക്കു പതിച്ചത്. കിളികൊല്ലൂര്‍ മണ്ണാമല ഒരുമനഗര്‍ മഠത്തില്‍ തെക്കതില്‍ കിളികൊല്ലൂര്‍ പത്മാലയത്തില്‍ സഹദേവന്‍ പിള്ളയുടെയും പത്മാവതി അമ്മയുടെയും വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു സുകുമാരിയമ്മയും കുടുംബവും. അദ്ഭുതകരമായാണ് ഈ നാലംഗ കുടുംബം രക്ഷപ്പെട്ടത്. സുകുമാരിയമ്മയുടെ മാതാവ് ആനന്ദവല്ലിയമ്മ, മക്കളായ ശ്യാം, രേവതി എന്നിവരായിരുന്നു ഈ വീട്ടില്‍ ഉണ്ടായിരുന്നത്.
ശക്തമായ കാറ്റില്‍ ആൽമരത്തിന്‍റെ കൊമ്പ് ഓടിയുന്നതിന്‍റെയും മറ്റും ശബ്ദമാണു തുടക്കത്തില്‍ കേട്ടത്. കൂറ്റൻ ആൽ മരം തന്‍റെ വീടിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മനസിലാക്കിയ സുകുമാരിയമ്മ സമയം കളയാതെ മക്കളെയും വിളിച്ചു കൊണ്ടു പുറത്ത് ചാടുകയായിരുന്നു. ഗേറ്റിനു മുകളിലൂടെ വീണതിനാല്‍ പുറത്തേക്ക് രക്ഷപ്പെടുന്നത് അസാദ്ധ്യമായിരുന്നു. എന്നാല്‍ ജീവഭയത്താല്‍ അതൊക്കെ എങ്ങനെയോ മറികടന്നു. ഉടന്‍ നാട്ടുകാര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിജയലക്ഷ്മിയെ വിവരമറിയിച്ചു. കൗൺസിലർ വിവരം അറിയിച്ചതിനെ തുടർന്ന് കടപ്പാക്കടയിൽ നിന്നും അഗ്നിശമനസേനയും,ഈസ്റ്റ് പൊലീസും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സുകുമാരിയമ്മയെയും കുടുംബത്തെയും കൗൺസിലറുടെ സഹായത്തോടെ പാലത്തറയിലെ സ്വകാര്യ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരുക്കില്ല.

Leave A Reply

Your email address will not be published.