ആരെ വേണെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മമത ബാനര്‍ജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രിയാകുന്നതിനോടും എതിര്‍പ്പില്ലെന്നും രാഹുല്‍ പറഞ്ഞു. നേരത്തേ, രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ആര്‍എസ്എസിന്റെയും നരേന്ദ്ര മോദിയുടെയും പിന്തുണയില്ലെങ്കില്‍ പ്രതിപക്ഷത്തെ ഏതു നേതാവിനെ പിന്തുണയ്ക്കുന്നതിലും തടസമില്ലെന്ന രാഹുലിന്റെ നിലപാടിന് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. 2019ല്‍ മോദിയും ആര്‍എസ്എസും അധികാരത്തില്‍ തിരിച്ചുവരാതിരിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് രാഹുലിനോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.