പാ​ക് തെ​ര​ഞ്ഞെ​ടു​പ്പില്‍ ഇ​മ്രാ​ന്‍ ഖാ​ന്‍റെ പി​ടി​ഐ മുന്നേറുന്നു

0

ഇസ്ലാമബാദ‌് : പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിന്‍റെ ഇമ്രാന്‍ ഖാന്‍റെ തെഹ‌്‌രീകെ ഇന്‍സാഫ‌് പാര്‍ടി (പിടിഐ) മുന്നേറുന്നു. ഭരണകക്ഷിയായ പിഎംഎല്‍ എന്നിനെ പിന്നിലാക്കിയാണ‌് പിടിഐയുടെ മുന്നേറ്റം. ദേശീയതലത്തില്‍ പിടിഐക്കാണ‌് മുന്‍തൂക്കമെങ്കിലും നിര്‍ണായക പ്രവിശ്യയായ പഞ്ചാബില്‍ പിഎംഎല്‍ എന്‍ തങ്ങളുടെ ശക്തി നിലനിര്‍ത്തി. രാജ്യത്താകെയുള്ള 85,307 പോളിങ‌് സ‌്റ്റേഷനുകളില്‍ രാവിലെ എട്ടിന‌് ആരംഭിച്ച വോട്ടെടുപ്പ‌് വൈകിട്ട‌് ആറിനാണ‌് അവസാനിച്ചത‌്. ഇതിനുതൊട്ടുപിന്നാലെ അതത‌് പോളിങ‌് സ‌്റ്റേഷനുകളില്‍തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോളിങ‌് ഒരു മണിക്കൂര്‍കൂടി നീട്ടണമെന്ന‌് പ്രമുഖ പാര്‍ടികള്‍ എല്ലാം ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ‌് കമീഷന്‍ അംഗീകരിച്ചില്ല.

പാകിസ്ഥാന്‍റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇത‌് രണ്ടാം തവണ മാത്രമാണ‌് ജനാധിപത്യപരമായ അധികാരമാറ്റം നടക്കുന്നത‌്. ഇപ്പോഴത്തെ പിഎംഎല്‍ എന്‍ സര്‍ക്കാരിനു മുമ്ബ‌് പിപിയുടെ ഭരണം മാത്രമാണ‌് അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയത‌്. എന്നാല്‍, പാകിസ്ഥാനില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിക്കും അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. സൈന്യം പിന്നില്‍നിന്ന‌് ചരടുവലിക്കുകയാണെന്ന‌് വിലയിരുത്തപ്പെട്ട ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ഖാന്‍ അധികാരത്തിലെത്തുമെന്ന‌് രാഷ‌്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയതാണ‌്. സൈന്യത്തിന്‍റെ രഹസ്യപിന്തുണയുള്ള ഇമ്രാന്‍ഖാനെതിരായ പ്രചാരണങ്ങള്‍ക്ക‌ും കരുനീക്കങ്ങള്‍ക്കും കനത്ത വിലക്കുകള്‍ നേരിടേണ്ടിവന്നിരുന്നു.

പാകിസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ തെരഞ്ഞെടുപ്പുകളിലൊന്നാണ‌് ബുധനാഴ‌്ച പൂര്‍ത്തിയായത‌്. വോട്ടെടുപ്പു ദിവസം ബലൂചിസ്ഥാനിലെ ക്വറ്റയില്‍ പോളങ‌് സ‌്റ്റേഷനുമുന്നില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. പ്രചാരണറാലികളിലും വ്യാപക ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. മൂന്നു സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെട്ടു. അതേസമയം, ഭീകരരുടെ ഭീഷണികള്‍ അവഗണിച്ചും വിവിധ മേഖലകളില്‍ ജനങ്ങള്‍ ആവേശപൂര്‍വം വോട്ടുചെയ്യാനെത്തിയെന്ന‌് ജിയോ ടിവി റിപ്പോര്‍ട്ട‌്ചെയ‌്തു. പാര്‍ലമെന്റിന്‍റെ അധോസഭയായ ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക‌് 3459 സ്ഥാനാര്‍ഥികളാണ‌് മത്സരിച്ചത‌്. പഞ്ചാബ‌്, സിന്ധ‌്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ‌്തൂണ്‍ഖ്വ എന്നീ പ്രവിശ്യാഅസംബ്ലികളിലേക്ക‌് ആകെയുള്ള 577 സീറ്റുകളില്‍ 8396 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട‌്.

Leave A Reply

Your email address will not be published.