ലാ ലിഗ വേള്‍ഡ് പ്രീ സീസണിന്‍റെ അവസാന മത്സരം ഇന്ന്

0

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി അരങ്ങേറിയ ലാ ലിഗ വേള്‍ഡ് പ്രീ സീസണിന്‍റെ അവസാന മത്സരം ഇന്ന്. രാത്രി 7ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്പാനിഷ് ക്ലബ് ജിറോണ എഫ്‌സിയുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിയോട് മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് സ്പാനിഷ് കരുത്തരായ ജിറോണക്കെതിരെ അവസാന അങ്കത്തിനിറങ്ങുന്നത്. അതേസമയം ഇന്നലെ മെല്‍ബണ്‍ സിറ്റിക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ജിറോണ കളത്തിലെത്തുന്നത്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെയും തകര്‍ത്ത് ചാമ്ബ്യന്മാരാവുകയാണ് ജിറോണയുടെ ലക്ഷ്യം.

മികച്ച പ്രകടനത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കുകയാകും ബ്ലാസ്റ്റേസ്‌റ്റേഴ്‌സ് ലക്ഷ്യം.വിദേശ കളിശൈലികളോടും കളിക്കാരോടും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തൊട്ടതെല്ലാം പിഴച്ചു . പ്രതിരോധവും മധ്യനിരയും പിഴവ് വരുത്തിയതോടെ മെല്‍ബണ്‍ സിറ്റി അടിച്ചുകൂട്ടിയത് അരഡസന്‍ ഗോളുകള്‍. കൃത്യമായ പരിശീലനമോ തന്ത്രങ്ങളോ ഇല്ലാതെ കളത്തിലിറങ്ങിയതാണ് ടീമിനു തിരിച്ചടിയായത്. അണ്ടര്‍ 17 ലോകകപ്പിലെ അനുഭവസമ്ബത്ത് ഗോളി ധീരജ് സിങ് കളത്തില്‍ കാണിച്ചപ്പോള്‍, കിട്ടിയ അവസരം എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാതെ മധ്യ-മുന്നേറ്റനിര താരങ്ങള്‍ കുഴഞ്ഞു. കൃത്യമായ ഇടവേളകളില്‍ മലയാളികള്‍ ഉള്‍പ്പെടെ പുതുനിരക്കാരെ കളത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതു മാത്രമായിരുന്നു നേട്ടം. അവസാന മത്സരത്തിലേക്കെത്തുമ്ബോള്‍ പോരായ്മകള്‍ നികത്തി മികച്ച കളി പുറത്തെടുക്കുക മാത്രമാകും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുക.

പ്രീ സീസണിലെ ഏക ലാലിഗ ടീമാണ് ജിറോണ. അടുത്ത സീസണിനു മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനത്തിനു പിന്നാലെയാണ് ജിറോണ കൊച്ചിയിലെത്തിയത്. ആദ്യ മത്സരത്തില്‍ ആസ്‌ട്രേലിയന്‍ എ ലീഗിലെ ശക്തരായ മെല്‍ബണ്‍ സിറ്റിക്കെതിരായ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശ മണ്ണുകളില്‍ തുടര്‍ച്ചയായി സന്നാഹ മത്സരങ്ങള്‍ കളിക്കുന്ന ടീമെന്ന നിലയില്‍ വിശ്രമമില്ലാതെ രണ്ടാം കളിക്കിറങ്ങുന്നതൊന്നും ജിറോണയെ വലച്ചേക്കില്ല. അതുതന്നെയാകും ബ്ലാസ്‌റ്റേഴ്‌സിനെതിരെ അവസാന ങ്കത്തിനിറങ്ങുമ്ബോള്‍ ജിറോണയുടെ കരുത്ത്. എന്തായാലും അവരുടെ ലക്ഷ്യം ഒന്നുമാത്രമാണ്, കിരീടവുമായി മടങ്ങുക.

Leave A Reply

Your email address will not be published.