ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക്

0

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണ സംഘം ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. കേരളത്തില്‍ തെളിവെടുപ്പും മൊഴിയെടുക്കലും പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തുള്ള നടപടികള്‍ക്കായി അന്വേഷണ സംഘം ദില്ലിക്ക് തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വിമാന മാര്‍ഗ്ഗമാകും ദില്ലിക്ക് പോകുക. അന്വേഷണ ഉദ്യോഗസ്ഥനായ കെ സുഭാഷ് ഉള്‍പ്പടെ ആറംഗ സംഘമാണ് കേരളത്തിന് പുറത്തുള്ള അന്വേഷണം നടത്തുന്നത്. വത്തിക്കാന്‍ സ്ഥാനപതി അടക്കമുള്ളവരുടെ മൊഴിരേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ജലന്ധറിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. എന്നാല്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
കന്യാസ്ത്രീക്കെതിരെ പരാതി നല്‍കി സ്ത്രീയുടെയും ഇവരുടെ ഭര്‍ത്താവിന്‍റെയും മൊഴി ദില്ലിയില്‍ എത്തി രേഖപ്പെടുത്തും. തുടര്‍ന്ന് ഉജ്ജൈന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേടത്തിന്റെയും മൊഴിയെടുക്കും. ഉജ്ജൈന്‍ ബിഷപ്പാണ് കന്യാസ്ത്രീയുടെ പരാതി കര്‍ദ്ദിനാളിന് കൈമാറിയത്. വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്നും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. തുടര്‍ന്നാകും ജലന്ധറിന് അന്വേഷണ സംഘം തിരിക്കുക. ജലന്ധറില്‍ വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും നടത്തുമെങ്കിലും ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സര്‍ക്കാരില്‍ നിന്നുമുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് ഉണ്ടാവുകയുള്ളു.

Leave A Reply

Your email address will not be published.