കേന്ദ്രത്തിന്റെ ആയുഷ്മാന്‍ പദ്ധതി : ആശങ്കയോടെ കേരളം

0

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുമ്പോള്‍ ആശങ്കയോടെ ജനങ്ങള്‍.പുതിയ പദ്ധതി നടപ്പാക്കുന്നതോടെ നിലവില്‍ കേരളസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്ന പകുതിയിലധികം കുടുംബങ്ങള്‍ പട്ടികയില്‍ നിന്ന് പുറത്താകും. സെന്‍സസ് മാനദണ്ഡമാക്കി പതിനായിരം രൂപയില്‍ താഴെ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമെ ആയുഷ്മാന്‍ പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളു. ആ സാഹചര്യത്തില്‍ 22 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നഷ്ടമാകും.

നിലവില്‍ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. എന്നാല്‍ ആയുഷ്മാന്‍ഭാരത് പദ്ധതി നടപ്പാകുമ്പോള്‍ അതില്‍ പതിനായിരത്തില്‍ താഴെ മാസവരുമാനമുള്ളവരെ മാത്രമെ ഉള്‍പ്പെടുത്തു. 2011 ലെ സെന്‍സെസ് പ്രകാരം പട്ടിക തയ്യാറാക്കിയാല്‍ നിലവില്‍ ആനുകൂല്യം ലഭിക്കുന്ന 22.5 ലക്ഷത്തോളം കുടുംബങ്ങള്‍പുറത്താകും..ആര്‍എസ്ബിവൈ, ചിസ് പദ്ധതികളില്‍ 1785 രോഗ ചികിത്സാ പാക്കേജ് ഉണ്ടായിരുന്നത്, പുതിയ പദ്ധതിയോടെ 1350 ആയി കുറയുകയും ചെയ്യും. ഇന്‍ഷുറന്‍സ് ആനുകൂല്യം നഷ്ടമായാല്‍ ചികിത്സാ ചെലവ് താങ്ങാനാകാതെ പല കുടുംബങ്ങളും പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്.

തുടക്കത്തില്‍ സംസ്ഥാനത്തെ സ്വന്തം ആരോഗ്യ പദ്ധതി ചൂണ്ടിക്കാട്ടി ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കുന്നതില്‍ നിന്ന് വിട്ടുനിന്ന കേരളം, പിന്നീടാണ് നിലപാട് മാറ്റിയത്. അതേ സമയം പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി കേരളത്തിലെ സാഹചര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.