ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റില്‍

0

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പ്രായവ്യത്യാസം ആരോപിച്ച്‌ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് പിടിയിലായത്. വധശ്രമം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കൈക്കുഞ്ഞിനൊപ്പം ചോറൂണിനെത്തിയ സംഘത്തിലെ വീട്ടമ്മയുടെ പ്രായത്തെ ചൊല്ലിയുണ്ടായ ബഹളമാണ് സന്നിധാനത്തെ ഒരു മണിക്കൂറോളം സംഘര്‍ഷഭൂമിയാക്കിയത്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പൊലീസിനും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. ദര്‍ശനത്തിന് എത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ് തടപ്പറമ്ബ് വടക്കോട്ട് ഹൗസില്‍ ലളിത (52), സഹോദരീ പുത്രന്‍ മൃദുല്‍ (23) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. പ്രതിഷേധം പകര്‍ത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏതാണ്ട് 150ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിലെ ഒന്നാം പ്രതിയാണ് സൂരജ്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.