ഇന്ത്യയ്ക്കെതിരെ സ്‌മിത്തും വാര്‍ണറും കളിക്കില്ല

0

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഓസീസ് ക്രിക്കറ്റ് താരങ്ങലുടെ വിലക്ക് നീക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും എതിരായ ഒരു വര്‍ഷത്തെ വിലക്ക് തുടരും. കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് എതിരായ 9 മാസത്തെ സസ്പെന്‍ഷനും ക്രിക്കറ്റ് അസോസിയേഷന്‍ എടുത്തു കളഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തിനിടെയായിരുന്നു മൂവരും വിവാദത്തില്‍ പെട്ടത്.

വിലക്ക് നീക്കാന്‍ മാത്രമുളള പുരോഗതിയൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ നിരീക്ഷിച്ചു. ഇന്ത്യയ്ക്കെതിരായ മത്സരങ്ങളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ സ്മിത്തും വാര്‍ണറും നല്‍കിയിരുന്നു.

വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാര്യത്തില്‍ യാതൊരു ഇളവും പാടില്ലെന്ന് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് താരങ്ങളുടെയും വിലക്കില്‍ ഇളവ് നല്‍കരുത്. ഇവര്‍ കുറ്റം സമ്മതിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്‌ത സാഹചര്യത്തില്‍ വിലക്ക് പിന്‍വലിക്കരുത്. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് അവസാനിക്കാനിരിക്കെ സ്‌മിത്തിനും വാര്‍ണര്‍ക്കും ഇളവ് നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും ജോണ്‍‌സണ്‍ ട്വീറ്റ് ചെയ്‌തു.

സമാനമായ നിലപാടാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കെതിരായ പരമ്ബരയില്‍ സ്‌മിത്തിനെയും വാര്‍ണറെയും ഉള്‍പ്പെടുത്തിയാല്‍ അത് പന്ത് ചുരണ്ടലിനെ അനുകൂലിക്കുന്നതിന് തുല്യമാകുമെന്നും ചാപ്പല്‍ വ്യക്തമാക്കി.

താരങ്ങളുടെ വിലക്ക് നീക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്സ് പറഞ്ഞതിനു പിന്നാലെയാണ് ജോണ്‍സണ്‍ നിലപാടറിയിച്ചത്.

Leave A Reply

Your email address will not be published.