യുഎസ് സെനറ്റ് സൗദിക്കെതിരായ രണ്ട് പ്രമേയം പാസാക്കി

0

വാഷിങ്ടണ്‍ : ഡൊണാള്‍ഡ് ട്രംപിന്‍റെ താല്‍പര്യത്തിന് വിപരീതമായി യുഎസ് സെനറ്റ് സൗദിക്കെതിരായ രണ്ട് പ്രമേയം പാസാക്കി. യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനികനീക്കത്തിന് നല്‍കിവരുന്ന സഹായം നിര്‍ത്തണം, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഉത്തരവാദി എന്നീ രണ്ട് പ്രമേയമാണ് സെനറ്റ് പാസാക്കിയത്.
കഴിഞ്ഞ ദിവസം വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന് ട്രംപ് നല്‍കിയ അഭിമുഖത്തില്‍ ഖഷോഗി വധത്തില്‍ സൗദി രാജാവിനെ പിന്തുണച്ച്‌ സംസാരിക്കുകയുണ്ടായി. സൗദി മിത്രരാഷ്ട്രമാണെന്നും ഖഷോഗി വധത്തില്‍ സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്ന് വിശ്വസിക്കുന്നു എന്നുമാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ സെനറ്ററുമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കിയത് ട്രംപിന് തിരിച്ചടിയായി.
യമനില്‍ സൗദി നടത്തുന്ന വ്യോമാക്രമണങ്ങളില്‍ അമേരിക്കന്‍ നിര്‍മിത ആയുധങ്ങളാണ്‌ ഉപയോഗിച്ചത്. സൗദിയുമായി നിലവിലുള്ള ബന്ധം അമേരിക്കയ്ക്ക് ചേര്‍ന്നതല്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററും ട്രംപിന്‍റെ അടുത്ത അനുയായിയുമായ ലിന്‍സേ ഗ്രഹാം പറഞ്ഞു. സൗദിക്ക് നല്‍കുന്ന സൈനിക സഹായം റദ്ദാക്കണമെന്ന പ്രമേയം 41നെതിരെ 56 വോട്ടിനാണ് പാസായത്.

Leave A Reply

Your email address will not be published.