തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാന്‍ അനുമതി

0

തിരുവനന്തപുരം: അടച്ചുപൂട്ടിയ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാന്‍ ഹൈക്കോടതി അനുമതി. അനധികൃത മദ്യവില്‍പ്പനയെത്തുടര്‍ന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചുപൂട്ടിയത്. കമ്ബനി തുറക്കാനും ഇടപാടുകള്‍ തുടരാനും അനുമതി നല്‍കാന്‍ കോടതി കസ്റ്റംസിന് നിര്‍ദേശം നല്‍കി. അനധികൃത മദ്യ വില്‍പനയിലൂടെ ആറ് കോടി രൂപയുടെ നികുതി നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്ലസ് മാക്‌സ് കമ്ബനിയുടെ ലൈസന്‍സ് കസ്റ്റംസ് റദ്ദാക്കിയത്. എന്നാല്‍ ഇതിന് മതിയായ തെളിവ് ഹാജരാക്കാന്‍ കസ്റ്റംസിന് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. 2017 ഡിസംബറില്‍ അന്വേഷണം തുടങ്ങിയെങ്കിലും ഏപ്രില്‍ 18ന് ആണ് കസ്റ്റംസ് കമ്ബനിയുടെ ലൈസന്‍സ് റദ്ദാക്കിയത്.

അന്വേഷണത്തോട് കമ്ബനി അധികൃതര്‍ സഹകരിക്കുന്നില്ല എന്നതല്ലാതെ മറ്റ് കാരണങ്ങളൊന്നും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയ്ക്ക് കാരണമായില്ല.അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും കമ്ബനി അനധികൃത നടപടികള്‍ സ്വീകരിച്ചതായി കസ്റ്റംസിന് പരാതിയും ഉണ്ടായില്ല. ഇക്കാര്യങ്ങള് എടുത്തുപറഞ്ഞാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചുപൂട്ടിയതിനും ലൈസന്‍സ് റദ്ദാക്കിയതിനുമെതിരെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

Leave A Reply

Your email address will not be published.