ലക്ഷങ്ങള്‍ അണിചേരുന്ന വനിതാ മതില്‍ ഇന്ന്: ആദ്യകണ്ണി കെ.കെ ശൈലജ ;അവസാനം ബൃന്ദാകാരാട്ട്

0

തിരുവനന്തപുരം : നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച്‌ സിപിഎമ്മിന്‍റെയും സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ ഇന്ന് ലക്ഷങ്ങള്‍ അണിചേരുന്ന വനിതാമതില്‍ ഇന്ന്. വൈകിട്ട് മൂന്നു മണിയോടെ വനിതകള്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെത്തും. 3.30ന് ട്രയല്‍ നടക്കും. നാലു മണിക്ക് വനിതാ മതില്‍ തീര്‍ക്കും. തുടര്‍ന്ന് പ്രതിജ്ഞയും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുസമ്മേളനവും നടക്കും. റോഡിന്‍റെ ഇടതുവശത്താണ് മതില്‍ തീര്‍ക്കുക. വനിതാമതിലിന്‍റെ ആദ്യകണ്ണിയാവുന്നത് ആരോഗ്യ, സാമൂഹികനീതി , വനിതാ,ശിശുവികസന മന്ത്രി കെ.കെ. ശൈലജടീച്ചര്‍. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് മന്ത്രി ശൈലജടീച്ചര്‍ ചേരുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ കാലിക്കടവ് വരെ 44 കി.മീറ്ററാണ് കാസര്‍കോട് മതില്‍ ഉയരുക. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുക്കും. ബൃന്ദാ കാരാട്ട് തിരുവനന്തപുരം വെള്ളയമ്ബലത്താണ് മതിലിന്‍റെ ഭാഗമാവുന്നത്. ആദിവാസി സാമൂഹികപ്രവര്‍ത്തക സി.കെ.ജാനു കുളപ്പുള്ളിയില്‍ പങ്കെടുക്കും. പി. കൃഷ്ണപിള്ളയുടെ സഹോദരിയുടെ കൊച്ചുമകള്‍ ശ്രീലക്ഷ്മി ആലപ്പുഴയില്‍ മതിലില്‍ പങ്കാളിയാവും. വയലാറിന്‍റെ മകള്‍ ബി. സിന്ധുവും മകള്‍ എസ്. മീനാക്ഷിയും ചാലക്കുടിയില്‍ മതിലിന്‍റെ ഭാഗമാവും. വയലാറിന്‍റെ മറ്റൊരു ചെറുമകള്‍ രേവതി സി. വര്‍മയും മതിലില്‍ അണിനിരക്കും. സുശീലാ ഗോപാലന്‍റെ സഹോദരിയും ചീരപ്പന്‍ചിറ കുടുംബാംഗവുമായ സരോജിനി മാരാരിക്കുളത്ത് അണിചേരും.

കണ്ണൂരില്‍ കാലിക്കടവ് മുതല്‍ മാഹി വരെ 82 കിലോമീറ്ററാണ് മതില്‍. ഡോ. ആരിഫ കെ. സി, സീതാദേവി കരിയാട്ട്, സുകന്യ എന്നിവര്‍ കണ്ണൂരില്‍ മതിലിന്‍റെ ഭാഗമാവും. വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ കണ്ണൂരിലെ പൊതുയോഗത്തില്‍ പങ്കെടുക്കും.

കോഴിക്കോട് അഴിയൂര്‍ മുതല്‍ വൈദ്യരങ്ങാടിവരെ 76 കി.മീറ്റര്‍ മതില്‍ നിരക്കും. കെ. അജിത, പി. വത്സല, ദീദി ദാമോദരന്‍, കെ. പി. സുധീര, വി. പി. സുഹറ, ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ കോഴിക്കോട് അണിനിരക്കും. തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ കോഴിക്കോട് നടക്കുന്ന പൊതുയോഗത്തില്‍ സംബന്ധിക്കും.
മലപ്പുറത്ത് ഐക്കരപ്പടി മുതല്‍ പെരിന്തല്‍മണ്ണ വരെ 55 കി.മീറ്ററാണ് മതില്‍ നിരക്കുന്നത്. നിലമ്ബൂൂര്‍ അയിഷ, പി.കെ.സൈനബ തുടങ്ങിയ പ്രമുഖവനിതകള്‍ ഇവിടെ മതിലില്‍ പങ്കാളികളാവും. മന്ത്രി കെ.ടി ജലീല്‍ പൊതുയോഗത്തില്‍ പങ്കെടുക്കും.

പാലക്കാട് ജില്ലയില്‍ ചെറുതുരുത്തി മുതല്‍ പുലാമന്തോള്‍ വരെ 26 കി.മീറ്ററാണ് മതില്‍. മന്ത്രിമാരായ എ.കെ.ബാലന്‍ കുളപ്പുള്ളിയിലും കെ.കൃഷ്ണന്‍കുട്ടി പട്ടാമ്ബിയിലും പൊതുയോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു, എംഎല്‍എമാരും പങ്കെടുക്കും. ഒന്നേകാല്‍ ലക്ഷത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍, ആയിരത്തിലധികം ആശാ വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, അയ്യായിരത്തിലധികം അങ്കണവാടി വര്‍ക്കര്‍മാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍,തുടങ്ങിയവര്‍ അണിനിരക്കും. കഴിഞ്ഞ ദിവസങ്ങളിലായി കുടുംബശ്രീയുടെ വിവിധ സി.ഡി.എസുകളുടെ ആഭിമുഖ്യത്തില്‍ വനിതാമതിലിന്‍റെ സന്ദേശവുമായി നവോത്ഥാനദീപം തെളിയിച്ചിരുന്നു.
തൃശ്ശൂരില്‍ ചെറുതുരുത്തി മുതല്‍ പൊങ്ങംവരെ 73 കി.മീ മതില്‍ നിരക്കും. കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നിലായിരിക്കും പ്രമുഖര്‍ ചേരുക. പുഷ്പവതി, ലളിത ലെനിന്‍, ട്രാന്‍സ്വിമന്‍ വിജയരാജമല്ലിക എന്നിവര്‍ തൃശൂരില്‍ മതിലിന്‍റെ ഭാഗമാവും. സംവിധായിക ശ്രുതി നമ്ബൂതിരിയ്ക്കൊപ്പം 80 വയസുള്ള മുത്തശ്ശിയും മതിലിന്‍റെ ഭാഗമാവും. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എന്നിവര്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

എറണാകുളം ജില്ലയില്‍ പൊങ്ങം മുതല്‍ അരൂര്‍ വരെ 49 കി.മീറ്ററില്‍ മതിലുയരും. ജില്ലാകേന്ദ്രമായ ഇടപ്പള്ളിയില്‍ ഡോ.എം. ലീലാവതി, സിതാര കൃഷ്ണകുമാര്‍, നടി രമ്യാ നമ്ബീശന്‍, നീനാകുറുപ്പ്, സീനത്ത്, സജിത മഠത്തില്‍, മീര വേലായുധന്‍, തനൂജ ഭട്ടതിരി, പ്രൊഫ.മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ്വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍, കെ.തുളസിടീച്ചര്‍ എന്നിവരും അണിനിരക്കും. തദ്ദേശസ്വയംഭരണ മന്ത്രി എ. സി മൊയ്തീന്‍ എറണാകുളത്തും വൈദ്യുതി മന്ത്രി എം. എം. മണി അങ്കമാലിയിലും പൊതുയോഗത്തില്‍ പങ്കെടുക്കും.
വനിതാമതില്‍ ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ ഓച്ചിറവരെ 97 കി.മീറ്ററാണ് ഒരുക്കുന്നത്. മുന്‍ എം.പി സി.എസ്.സുജാത, വിപ്ളവഗായിക പി.കെ.മേദിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ബി. അരുന്ധതി, തുടങ്ങിയവര്‍ പങ്കെടുക്കും. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്നി പ്രീതി നടേശന്‍ പാതിരപ്പള്ളിയില്‍ മതിലിന്‍റെ ഭാഗമാവും. ചേര്‍ത്തലയില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമനും ആലപ്പുഴയില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും വനം മന്ത്രി കെ. രാജു കായംകുളത്തും പൊതുയോഗത്തില്‍ പങ്കെടുക്കും.

കൊല്ലം ജില്ലയില്‍ രാധാ കാക്കനാടന്‍, വിജയകുമാരി, ജയകുമാരി എന്നിവര്‍ അണിനിരക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പൊതുയോഗത്തില്‍ സംബന്ധിക്കും. തിരുവനന്തപുരത്ത് ആനിരാജ, ബീനാപോള്‍, മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ, വിധുവിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്സിംഗ് ചാമ്ബ്യന്‍ കെ. സി. ലേഖ എന്നിവരും അണിനിരക്കും. ജില്ലയില്‍ 44 കിലോമീറ്ററാണ് മതില്‍. തിരുവനന്തപുരം വെള്ളയമ്ബലത്ത് നടക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യമുണ്ടാവുമെന്നും നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.