വനിതാ മതില്‍ ചരിത്രവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്രവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 620 കിലോ മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം കൃത്യം ഒരു മാസം കൊണ്ടാണ് നടത്തിയത്. ഭരണഘടന സത്രീകള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറി. വനിതാ മതിലില്‍ പങ്കെടുത്ത കേരളത്തിലെ സ്ത്രീ സമൂഹത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം അര്‍പ്പിച്ചു.

സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുവാന്‍ വനിതാ മതിലിനു പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഈ അവസരത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു. യാഥാസ്ഥിതിക, വര്‍ഗീയ ശക്തികള്‍ക്ക് മതില്‍ താക്കീതെന്നും കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്ക്ക് ഒപ്പമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ത്രീസമൂഹം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച്‌ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നെന്നും എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച്‌ വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്‍റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.