ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി

0

തിരുവനന്തപുരം: നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടകള്‍ തുറന്നാല്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ. കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്​റ്റ് ചെയ്യും. സഞ്ചാര സ്വാതന്ത്റ്യം തടയുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണമെന്നും അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ.എസ്.ഇ.ബി, അടക്കമുള്ള മറ്റ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തും.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ തടസമില്ലാതെ സര്‍വീസ് നടത്താന്‍ സൗകര്യമൊരുക്കും. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് നടപടിയെടുക്കും. കൂടുതല്‍ പൊലീസ് പിക്ക​റ്റും പട്രോളിംഗും ഏര്‍പ്പെടുത്തും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമനടപടിയെടുക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തുവകകളില്‍ നിന്നോ നഷ്ടം ഈടാക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് സംരക്ഷണമൊരുക്കണമെന്നും ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം. സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ നടപടിയെടുക്കാന്‍ റേഞ്ച് ഐ.ജിമാരോടും സോണല്‍ എ.ഡി.ജി.പിമാരോടും നിര്‍ദ്ദേശിച്ചു.

Leave A Reply

Your email address will not be published.