ശുദ്ധികലശം നടത്തിയ സംഭവത്തില്‍ തന്ത്രി മറുപടി നല്‍കണമെന്ന് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നട അടച്ച്‌ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ തന്ത്രിയോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. സുപ്രീംകോടതി വിധി ലംഘിക്കുന്നതാണ് തന്ത്രിയുടെ നടപടിയെന്നാണ് ദേവസ്വം ബോര്‍ഡ് നിരീക്ഷിക്കുന്നത്. അടുത്ത 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണമെന്നാണ് റിപ്പോര്‍ട്ട്. ആചാര ലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തണമെങ്കില്‍ ദേവസ്വം ബോര്‍ഡ് അനുവാദത്തോടുകൂടി മത്രമേ ചെയ്യാനാകൂ എന്നാണ് ദേവസ്വം മാന്വലില്‍ പറയുന്നത്. ഇത് പാലിച്ചില്ലെന്നാണ് ദേവസ്വം പറയുന്നത്. എന്നാല്‍ തന്ത്രവിധികളില്‍ ആസ്പദമാക്കി നടത്തുന്ന ക്രിയകള്‍ക്ക് ദേവസ്വം ബോര്‍ഡിന്‍റെ അനുവാദം ആവശ്യമില്ലെന്നാണ് തന്ത്രിയുടെ നിലപാട്.
കനകദുര്‍ഗ, ബിന്ദു എന്നിവര്‍ ശബരിമലയില്‍ പ്രവേശിച്ചതിന് ശേഷമാണ് തന്ത്രി കണ്ഠര് രാജീവര് ശുദ്ധികലശം നടത്തിയത്. നടയടച്ച്‌ ശുദ്ധികലശത്തിന് ശേഷം ശബരിമല നട വീണ്ടും തുറന്നു. വ്യാപകമായ വിമര്‍ശനമാണ് തന്ത്രിക്ക് എതിരെയുണ്ടായത്. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തന്ത്രി നടയടച്ചത് സ്വാഗതം ചെയ്തിരുന്നു. ശുദ്ധിക്രിയ നടത്തുന്നകാര്യം തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചില്ല. തന്ത്രിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പരാതിയെത്തിയിരുന്നു.

Leave A Reply

Your email address will not be published.