ജര്‍മനിയില്‍ ഡേറ്റാ ചോര്‍ച്ച; ഹാക്കര്‍മാര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു
ബര്‍ലിന്‍: ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ എന്നിവരടക്കം രാജ്യത്തെ ഒട്ടുമുക്കാല്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും രഹസ്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. മെര്‍ക്കലിന്റെ ഫാക്സ് നന്പര്, ഇ-മെയില്‍ വിലാസം, മെര്‍ക്കലിനു വന്നതും മെര്‍ക്കല്‍ എഴുതിയതുമായ കത്തുകള്‍ തുടങ്ങിയവ പരസ്യമാക്കപ്പെട്ടു. ഫോണ്‍ നന്പറുകള്‍, സ്വകാര്യ ചാറ്റിംഗ്, സാന്പത്തിക വിശദാംശങ്ങള്‍, തുടങ്ങിയവയെല്ലാം ചോര്‍ത്തപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, പ്രശസ്തര്‍ എന്നിവരും ഹാക്കിംഗില്നിന്ന് രക്ഷപ്പെട്ടില്ല. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
ഫെഡറല്‍ പാര്‍ലമെന്റിലെയും സംസ്ഥാന പാര്‍ലമെന്റുകളിലെയും ഭൂരിഭാഗം അംഗങ്ങളും ഹാക്കിംഗിന് ഇരയായി. തീവ്രവലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്ന ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) പാര്‍ട്ടിയുടെ അംഗങ്ങള്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്. സൈബര്‍ ആക്രമണത്തെ അതീവഗൗരവമായാണു കാണുന്നതെന്ന് സര്‍ക്കാരിന്റെ ഉപവക്താവ് മാര്‍ട്ടീന ഫിയറ്റ്സ് പറഞ്ഞു. ദേശീയ സൈബര്‍ പ്രതിരോധ കേന്ദ്രം അന്വേഷണം ആരംഭിച്ചു. അതീവ രഹസ്യമായ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.