ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന്‍ തുടക്കം

0

അബുദാബി: എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന് തുടക്കം. 2026 ലെ ലോകകപ്പിനു യോഗ്യത നേടുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവട് വയ്പ്പെന്ന നിലയില്‍ മത്സരിക്കുന്ന ഇന്ത്യക്ക്‌ ഈ ടൂര്‍ണമെന്റ്‌ നിര്‍ണായകം. ആതിഥേയരായ യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ നടക്കുന്ന എ ഗ്രൂപ്പ്‌ മത്സരത്തോടെ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഏറ്റവും വലിയ ടൂര്‍ണമെന്റിനു തുടക്കമാകും. രാത്രി 9.30 മുതലാണു മത്സരം. എ ഗ്രൂപ്പിലാണ്‌ ഇന്ത്യയും കളിക്കുന്നത്‌. ഇന്ത്യയുടെ ആദ്യ മത്സരം നാളെ തായ്‌ലന്‍ഡിനെതിരെയാണ്‌. അല്‍ വാഹ്‌ദ ക്ലബിന്റെ തട്ടകമായ അല്‍ നാഹിയാന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴു മുതലാണ്‌ ഇന്ത്യയുടെ മത്സരം. 10 നു നടക്കുന്ന മത്സരത്തില്‍ യു.എ.ഇയും 14 നു നടക്കുന്ന മത്സരത്തില്‍ ബഹ്‌റൈനും ഇന്ത്യയെ നേരിടും.

എട്ട്‌ വര്‍ഷം മുമ്ബാണ്‌ ഇന്ത്യ അവസാനം ഏഷ്യന്‍ കപ്പില്‍ കളിച്ചത്‌. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ബഹ്‌റൈന്‍ ടീമുകളോടു തോറ്റ ഇന്ത്യ ദയനീയമായി പുറത്തായിരുന്നു. ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇതുവരെ നാലുവട്ടം കളിച്ചു. 2011 ല്‍ കളിച്ചെങ്കിലും 2015 ലെ ചാമ്ബ്യന്‍ഷിപ്പിനു യോഗ്യത നേടാനായില്ല. ഓസ്‌ട്രേലിയയാണ്‌ അന്നു ജേതാക്കളായത്‌. കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ കരുത്തന്‍മാര്‍ ഗ്രൂപ്പിലില്ലെങ്കിലും മിന്നല്‍ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള തായ്‌ലന്‍ഡും ബഹ്‌റൈനും ആതിഥേയരും ഭീഷണി തന്നെയാണ്‌.

തുടര്‍ച്ചയായി 13 മത്സരങ്ങളില്‍ തോല്‍ക്കാത്തതു തന്റെ ശിഷ്യന്‍മാര്‍ക്ക്‌ ആത്മവിശ്വാസമാണെന്ന്‌ ഇന്ത്യന്‍ കോച്ച്‌ സ്‌റ്റീഫന്‍ കോണ്‍സ്‌റ്റാന്റീന്‍ പറഞ്ഞു. നായകന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഫോമും കോച്ചിനു പ്രതീക്ഷ നല്‍കുന്നുണ്ട്.
ഇത്തവണ നാല്‌ ഗ്രൂപ്പുകളായി 24 ടീമുകളാണു മാറ്റുരയ്‌ക്കുന്നത്‌.

Leave A Reply

Your email address will not be published.