ഹോണ്ട സിവിക് മാര്‍ച്ചില്‍

0

ഹോണ്ട സിവിക് ഇന്ത്യയിലേക്ക് മാര്‍ച്ചില്‍ തിരിച്ചെത്തും. സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര മോഡലുകള്‍ വാഴുന്ന വലിയ സെഡാന്‍ ലോകത്ത് സിവിക്കിലൂടെ വേഗം ശ്രദ്ധനേടാമെന്ന് വൈകിയാണെങ്കിലും ഹോണ്ട തിരിച്ചറിഞ്ഞു. ഇക്കുറി മാരുതിയുടെ കൊറോള മോഡലുമുണ്ട് ഇതേ നിരയിലേക്ക് കടന്നുവരാന്‍.

പത്താംതലമുറ സിവിക്കാണ് ഇങ്ങോട്ടു തിരിച്ചുവരിക. ഇന്ത്യന്‍ വിപണിയില്‍ 18 മുതല്‍ 22 ലക്ഷം രൂപ വരെ ഹോണ്ട സെഡാന് വില പ്രതീക്ഷിക്കാം. കഴിഞ്ഞവര്‍ഷം നടന്ന 2018 ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ സിവിക് വരുന്നുണ്ടെന്ന കാര്യം ഹോണ്ട വെളിപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലുള്ള സിവിക്ക് തന്നെയാകും ഇവിടെയെത്തുക. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ കമ്ബനി വരുത്തും. രൂപഭാവത്തില്‍ മാത്രമല്ല, എഞ്ചിന്‍ തുടിപ്പിലും പുതിയ സിവിക്ക് പരിഷ്‌കാരങ്ങള്‍ നേടുമെന്നാണ് വിവരം. കൂപ്പെ പോലെ താണിറങ്ങുന്ന പിന്‍ഭാഗം കാറിന് കൂടുതല്‍ സ്പോര്‍ടി ഭാവം നല്‍കുന്നു. ഇരുണ്ട ഹെഡ്‌ലാമ്ബുകള്‍ (സ്മോക്ക്ഡ്), തിളക്കമാര്‍ന്ന കറുത്ത ഗ്രില്ല്, മുന്‍ പിന്‍ ബമ്ബറുകളിലുള്ള ക്രോം അലങ്കാരം എന്നിവയെല്ലാം മോഡലിന്റെ സവിശേഷതകളില്‍പ്പെടും. രണ്ടു എഞ്ചിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. ഒന്നു 1.8 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനും ഒന്ന് 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനും. പെട്രോള്‍ എഞ്ചിന് 138 bhp കരുത്തും 176 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അതേസമയം ഡീസല്‍ എഞ്ചിന്‍ 118 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുമ്ബോള്‍, ഓപ്ഷനല്‍ സിവിടി ഗിയര്‍ബോക്സ് സിവിക് പെട്രോള്‍ മോഡല്‍ മാത്രം അവകാശപ്പെടും. 7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലേ, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ്, ഫോര്‍വേര്‍ഡ് കൊളീഷന്‍ വാര്‍ണിംഗ്, റോഡ് ഡിപാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലെയ്ന്‍ ഡീപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എബിഎസ് എന്നിവയെല്ലാം മോഡലിന്റെ മറ്റു പ്രത്യേകതകളായി ചൂണ്ടിക്കാട്ടാം.

Leave A Reply

Your email address will not be published.