യമഹ MT-15 ബുക്കിംഗ് ആരംഭിച്ചു

0

പുതിയ MT-15 ബൈക്കിനെ യമഹ വിപണിയില്‍ കൊണ്ടുവരാനിരിക്കെ മോഡലിന്‍റെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ഡീലര്‍ഷിപ്പ് അടിസ്ഥാനപ്പെടുത്തി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് നിലവില്‍ ബൈക്കിന്‍റെ ബുക്കിംഗ് തുക. R15 നിലകൊള്ളുന്ന പ്രീമിയം 150 സിസി ശ്രേണിയില്‍ മോഡല്‍ നിര വിപുലപ്പെടുത്താന്‍ യമഹ ആഗ്രഹിക്കുന്നു. MT-15 ഇതിലേക്കുള്ള കരുനീക്കമാണ്. പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് R15 -ന്‍റെ നെയ്ക്കഡ് പതിപ്പാണ് പുതിയ MT-15. പരീക്ഷണയോട്ടത്തിനിടെ മോഡലിനെ ഒരുവട്ടം ക്യാമറ പകര്‍ത്തുകയുണ്ടായി.
എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളെല്ലാം മൂന്നാംതലമുറ R15 -ല്‍ നിന്ന് MT-15 പങ്കിടും. R15 ഇന്ത്യയില്‍ വരുന്നതുപോലെ പ്രീമിയം പരിവേഷങ്ങള്‍ പരമാവധി അഴിച്ചുകളഞ്ഞാകും MT-15 വിപണിയില്‍ എത്തുക. അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളായി രൂപാന്തരപ്പെടും. സമകാലിക അലോയ് വീലുകളും പിന്‍ മഡ്ഗാര്‍ഡുമായിരിക്കും ബൈക്കില്‍. ഇന്ധനടാങ്കില്‍ പരിഷ്‌കാരങ്ങളുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം. സസ്പെന്‍ഷനിലും ചിലവുകുറയ്ക്കല്‍ നടപടികള്‍ പ്രതീക്ഷിക്കാം. എന്തായാലും R15 ഉപയോഗിക്കുന്ന അണ്ടര്‍ബോണ്‍ ഷാസി MT15 -ലും കമ്പനി പിന്തുടരും.
നീളംകൂടിയ സീറ്റുകളും വീതികൂടിയ ഹാന്‍ഡില്‍ബാറും പിറകിലേക്ക് വലിഞ്ഞ ഫൂട്ട് പെഗുകളും പുതിയ MT-15 -ന്‍റെ സവിശേഷതയാണ്. R15 -ലുള്ള 155 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍ പങ്കിടുമെങ്കിലും ബൈക്കിന്‍റെ കരുത്തുത്പാദനം വ്യത്യസ്തമായിരിക്കും. വിപണിയില്‍ 1.2 ലക്ഷം രൂപയോളം യമഹ MT-15 -ന് വില പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.