ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി കെ കുഞ്ഞനന്തന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിക്കമെന്നാവശ്യപ്പെട്ട് പ്രതി പി കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാറിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കുഞ്ഞനന്തന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍‍ട്ട് സര്‍ക്കാര്‍ ഇന്ന് നല്‍കും.
നേരത്തെ, കേസ് പരിഗണിച്ചപ്പോള്‍ നടക്കാന്‍ കഴിയാത്ത അത്രയും ഗുരുതര ആരോഗ്യ പ്രശനം ഉണ്ടെന്ന് കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചിരുന്നു. ജയിലില്‍ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതിയുടെ മറുപടി. സര്‍ക്കാരും കുഞ്ഞനന്തനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.
ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി, രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു. കുഞ്ഞനന്തന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Leave A Reply

Your email address will not be published.