ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

0

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 23 റണ്‍സ് തോല്‍വി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 160 റണ്‍സ് വിജയ ലക്ഷ്യംപിന്തുടര്‍ന്ന ഇന്ത്യ 11.3 ഓവറില്‍ 102/1 എന്ന‌ നിലയില്‍ നിന്നതിന് ശേഷം 34 റണ്‍സെടുക്കുന്നതിനിടെ അവസാന‌ 9 വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് അപ്രതീക്ഷിത തോല്‍വി ചോദിച്ച്‌ വാങ്ങുകയായിരുന്നു. 34 പന്തില്‍ 58 റണ്‍സെടുത്ത സ്മൃതി മന്ദാന മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ തിളങ്ങിയത്. സ്കോര്‍ : ന്യൂസിലന്‍ഡ് – 159/4 (20 ഓവര്‍), ഇന്ത്യ – 136/10 (19.1).

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ, ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 62 റണ്‍സെടുത്ത ഓപ്പണര്‍ സോഫി ഡിവൈന്റേയും, 33 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആമി സട്ടെര്‍ത്ത് വൈറ്റിന്റേയും മികവില്‍ നിശ്ചിത 20 ഓവറില്‍ 159/4 എന്ന മികച്ച സ്കോറിലെത്തി. ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് പ്രിയ പൂനിയയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായെങ്കിലും, സ്മൃതി മന്ദാനയും, ജെമീമ റൊഡ്രീഗസും ചേര്‍ന്ന് ടീമിന് വിജയത്തിലേക്കുള്ള തകര്‍പ്പന്‍ അടിത്തറ പാകി.

34 പന്തില്‍‌7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 58 റണ്‍സ് നേടിയ മന്ദാന മത്സരത്തിന്റെ പന്ത്രണ്ടാം ഓവറില്‍ പുറത്തായതോടെയാണ് ഇന്ത്യന്‍ തകര്‍ച്ച തുടങ്ങിയത്. പിന്നാലെ ഒന്നിന് പിറകേ ഒന്നായി ബാറ്റിംഗിനെത്തിയവര്‍ പവലിയനിലേക്ക് മടങ്ങി. ജയിക്കാന്‍ 51 പന്തില്‍ 58 റണ്‍സ് വേണ്ടിയിരുന്ന ടീം അങ്ങനെ 23 റണ്‍സിന്റെ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി. 34 റണ്‍സെടുക്കുന്നതിനിടയ്ക്കാണ് ഇന്ത്യയ്ക്ക് അവസാന ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായത്.

Leave A Reply

Your email address will not be published.