കഥകളി കലാകാരി ചവറ പാറുകുട്ടി അന്തരിച്ചു

0

കൊല്ലം: കഥകളി കലാകാരി ചവറ പാറുകുട്ടി(75) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാമന്‍കുളങ്ങര എല്‍.പി.സ്‌കൂളിലും ചവറ ഹൈസ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം എസ്.എന്‍. വിമന്‍സ് കോളേജില്‍ നിന്നും പ്രി-യൂണിവേര്‍സിറ്റിയും തുടര്‍ന്നു് ഫാത്തിമ മാതാ നാഷണല്‍ കോളെജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബി.എ.ബിരുദവും പാസ്സായി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴില്‍ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിത-പൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി.
തുടര്‍ന്നു് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള്‍ ചെയ്തുതുടങ്ങുകയും ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനില്‍ നിന്നു് കൂടുതല്‍ വേഷങ്ങള്‍ പരിശീലിച്ചെടുക്കുകയും ചെയ്തു. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കതില്‍ എന്‍. ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുടേയും മകളായി 1118 കുംഭമാസത്തിലെ പൂയം നാള്‍ (1943 ഫെബ്രുവരി 21ന്) ജനിച്ചു.

Leave A Reply

Your email address will not be published.