ന്യൂനമര്‍ദം; ഒമാനില്‍ കനത്ത മഴ

0

മസ്‌ക്കത്ത്: ഒമാന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പെയ്തു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. ഖസബ്, മദ്ഹ, ബുറൈമി തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴ പെയ്തത്. രാജ്യത്തിന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മുസന്ദം ഗവര്‍ണറേറ്റിലെ ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പടെ ശക്തമായ മഴപെയ്തു. അതേസമയം, മഴയും മഴക്കാറും കനത്ത കാറ്റുമായി നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ തണുപ്പും വര്‍ധിച്ചുവരികയാണ്. ഒരാഴ്ചയായി രാജ്യത്ത് തണുത്ത കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്.

വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ തണുത്ത കാറ്റ് അടിച്ചുവീശുന്നുണ്ട്. ഉച്ചസമയത്തുപോലും തണുത്ത നേരിയ കാറ്റാണ് അനുഭവപ്പെടുന്നത്. മുസന്ദം, ബുറൈമി ഗവര്‍ണറേറ്റുകളില്‍ പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ വെളളം കയറി പലസ്ഥലങ്ങളിലും ഗതാഗതതടസമുണ്ടായി. വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. എന്നാല്‍, അപകടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.