പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച്‌ കൊന്ന കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

0

കൊല്ലം: പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച്‌ കൊന്ന സംഭവത്തില്‍ പ്രതിയായ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്ത് എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് വിനീതിന്‍റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് മര്‍ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 16 നായിരുന്നു സംഭവം. വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ, രാത്രി പത്തരയോടെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രഞ്ജിത്തിന്‍റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റു. കൊല്ലം താലൂക്ക് ആശുപത്രിയില്‍ വച്ച്‌ ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അരിനെല്ലൂരിന് അടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്നും, താന്‍ നിരപരാധിയാണെന്നും രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിയുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.