ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു

0

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന് പകരം സി.ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പി.പി സുനീറും സ്ഥാനാര്‍ത്ഥികളാകും. 7, 8 തീയതികളില്‍ നടക്കുന്ന ദേശീയ നേതൃയോഗത്തിലായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കുക. മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള സാധ്യതാ പട്ടികയാണ് പരിഗണിച്ചത്. മൂന്നിടത്ത് നിന്നും ഒരു പോലെ വന്ന പേരെന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. നിലവിലെ എം.പി സി.എന്‍ ജയദേവന് സീറ്റ് നിഷേധിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ തീരുമാനിച്ചത്. പട്ടികയില്‍ രണ്ടാമത്തെ പേരായി മുന്‍മന്ത്രി കെ.പി രാജേന്ദ്രനുണ്ടായിരുന്നെങ്കിലും അവസാനവട്ട ചര്‍ച്ചയില്‍ രാജാജി മാത്യു തോമസിന് നറുക്ക് വീഴുകയായിരുന്നു. താനാണ് രാജാജിയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് സി.എന്‍ ജയദേവന്‍ പ്രതികരിച്ചു. വയനാട് മണ്ഡലം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പി.പി സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Leave A Reply

Your email address will not be published.