ആന്ധ്രാമുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആഡംബര വസതി വിവാദത്തില്‍

ഹൈദരാബാദ്: ആന്ധ്രാമുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഗുണ്ടൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന ആഡംബര വസതി വിവാദത്തിലായിരിക്കുകയാണ്. മെയ് മാസത്തില്‍ ജഗന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഗുണ്ടൂരിലെ തന്റെ വീട്ടിലേക്ക് 5 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കി റോഡ് നിര്‍മിച്ചതും വിവാദമായിരുന്നു.

വീട്ടിലെ വൈദ്യുത അറ്റകുറ്റപ്പണിക്കായി 3.6 കോടിരൂപയും വീടിനടുത്ത് ഹെലിപ്പാട് ഉണ്ടാക്കുവാന്‍ 1.89 കോടി രൂപയും ചെലവിട്ടു. അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ മുഖ്യമന്ത്രി ഓഫീസും വീടും പുതുക്കി പണിയാനായി 38 കോടി ചിലവഴിച്ചതും വിവാദമായിരുന്നു. പിന്നാലെയാണ് ജഗന്റെ വസതി വിവാദത്തില്‍പെട്ടത്. അതിനായി തെലുങ്ക് ദേശം പാര്‍ട്ടിയുടെ അധ്യക്ഷനായ ചന്ദ്രബാബു നായിഡു സംഭവത്തില്‍ പ്രതിഷേധം ഉയര്‍ത്തി രംഗത്തുവന്നു.

കഴിഞ്ഞമാസമാണ് അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര ബംഗ്ലാവ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ വീടിന്റെ ജനലിനും വാതിലിനും വെക്കാന്‍ മാത്രം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപ വകയിരുത്തിയതാണ് വിവാദത്തിലായത്.

‘ജഗന്‍ മോഹന്‍ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വീടിന് ജനലുകള്‍ ഘടിപ്പിക്കാനായി 73 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസമായുള്ള സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി ആന്ധ്ര കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ നടപടി. ലജ്ജാകരമായ അവസ്ഥയാണിത്’, ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

കൂടാതെ താന്‍ ഒരു രൂപ മാത്രമാണ് ശമ്പളം പറ്റുന്നതെന്ന് പറയുകയും ഇത്രവലിയ ധൂര്‍ത്ത് നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ കാപട്യം തിരിച്ചറിയണമെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷും ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.