എസ്‌യുവി മോഡലായ കലിനനിന്റെ പുതിയ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ അവതരിപ്പിച്ചു.

ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ലക്ഷ്വറി എസ്‌യുവി മോഡലായ കലിനനിന്റെ പുതിയ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ അവതരിപ്പിച്ചു. കറുപ്പ് നിറം പൂര്‍ണമായും ആവരണം ചെയ്ത ഡിസൈനിലാണ് ബ്ലാക്ക് ബാഡ്ജ് മോഡല്‍ വിപണിയില്‍ എത്തുക.

പുതിയ നിറത്തിനൊപ്പം രൂപത്തിലും ഫീച്ചേഴ്‌സിലും ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ കലിനനില്‍ കമ്പനി നല്‍കിയിട്ടുള്ളു. പുറമേ ഗ്ലോസ് ബ്ലാക്ക് നിറമാണ് കമ്പനി നല്‍കിയിരിക്കുന്നത്. അകത്തളവും ബ്ലാക്ക് നിറത്തിലാണ് ഒരുങ്ങുന്നത്. ഹൈ ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നം.

വാഹനത്തിന്റെ ഗ്രില്ലിനും ഗ്ലോസ് ബ്ലാക്ക് നിറം തന്നെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. വശങ്ങളിലും അകത്തളത്തും നേര്‍ത്ത മഞ്ഞ ലൈനുകളും മഞ്ഞ നിറത്തിലുള്ള ലെതറും ബ്ലാക്ക് ബാഡ്ജിന്റെ സവിശേഷതയാണ്. സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ് സ്യൂട്ടും കള്ളിനനിനെ വ്യത്യസ്തമാക്കും.

വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും. 22 ഇഞ്ചാണ് ഇതിലെ അലോയി വീല്‍. ചുവപ്പ് നിറത്തിലാണ് ബ്രേക്ക് കാലിപേഴ്‌സ്. വിപണിയില്‍ ഉള്ള പതിപ്പിന്റെ അതേ എഞ്ചിന്‍ തന്നെയാണ് ബ്ലാക്ക് ബാഡ്ജിനും നല്‍കിയിരിക്കുന്നത്.

എന്നല്‍ പവറില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. 6.75 ലിറ്റര്‍ (6,750 സിസി) ഇരട്ട-ടര്‍ബോ V12 പെട്രോള്‍ 600 bhp കരുത്തും 900 Nm torque ഉം സൃഷടിക്കും. എന്നാല്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ 571 bhp കരുത്തും 850 Nm torque ഉം ആണ് ലഭിക്കുക.

എട്ട് സപീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. അതേസമയം പുതിയ പതിപ്പിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 6.95 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇതിനെക്കാള്‍ ഉയര്‍ന്ന വില ബ്ലാക്ക് ബാഡ്ജിനുണ്ടാകും.

ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ ബ്ലാക്ക് ബാഡ്ജ് ആഗോളതലത്തില്‍ പുറത്തിറങ്ങും. റോള്‍സ് റോയ്‌സ് നിരയിലെ ഗോസ്റ്റ്, ഡോണ്‍, റെയ്ത്ത് എന്നീ മോഡലുകള്‍ക്കും പ്രത്യേക ബ്ലാക്ക് ബാഡ്ജ് പതിപ്പുകള്‍ നേരത്തെ കമ്പനി അവതരിപ്പിച്ചിരുന്നു.

1905 -ല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത രത്‌നത്തിന്റെ പേരാണ് കലിനന്‍. 3,106 കാരറ്റാണിതിന്റെ മതിപ്പ്. അത്രത്തോളം ആഢംബര രൂപഭംഗി കലിനനില്‍ റോയല്‍ റോയ്‌സ് നല്‍കിയിട്ടുണ്ട്. 2018 നവംബറിലാണ് കലിനന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

വിരലില്‍ എണ്ണാവുന്ന വാഹനങ്ങള്‍ മാത്രമാണ് കമ്പനി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതും. നാല് സീറ്റര്‍, അഞ്ച് സീറ്റര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ഏതു കഠിന പ്രതലവും ആഢംബരത്തോടെ കീഴടക്കാന്‍ തങ്ങളുടെ എസ്‌യുവിക്ക്‌ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ റോള്‍സ് റോയ്സ് കലിനാന് കഴിയും. ഓള്‍ വീല്‍ ഡ്രൈവ് ഒരുങ്ങുന്ന ആദ്യ റോള്‍സ് റോയ്‌സ് മോഡല്‍ കൂടിയാണ് കലിനന്‍. ഏതു പ്രതലവും താണ്ടാന്‍ പ്രത്യേക ഓഫ്‌റോഡ് ബട്ടണ്‍ കലിനനിലുണ്ട്.

Comments are closed.