മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ തുടര്‍ നടപടികള്‍ക്കായി ബി.ജെ.പി നേതൃത്വം യോഗം ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ തുടര്‍ നടപടികള്‍ക്കായി കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ ബി.ജെ.പി നിര്‍ണ്ണായക യോഗം ചേര്‍ന്നു. ചന്ദ്രകാന്ത് പാട്ടീല്‍, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി പ്രധാന നേതാക്കളടങ്ങുന്ന കോര്‍ കമ്മറ്റി യോഗമാണ് ബി.ജെ.പി ചേര്‍ന്നത്. ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കണോ അതോ മറ്റ് വഴികള്‍ തേടണോ എന്ന് കോര്‍ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതാണ്.

എന്നാല്‍ ബി.ജെ.പിയോട് തെല്ലും വിട്ടുവീഴ്ചയില്ലെന്ന് ശിവസേന നിലപാട് ആവര്‍ത്തിച്ചു. ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തെച്ചൊല്ലിയാണ് സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ശിവസേനാ നേതൃത്വം പറയുന്നത്.

ഞായറാഴ്ചത്തെ ആദ്യ യോഗത്തില്‍ തീരുമാനമായില്ല. നാല് മണിക്ക് വീണ്ടും യോഗം ചേരുമെന്ന് ബി.ജെ.പി നേതാവും കഴിഞ്ഞ ഫഡ്നാവിസ് മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്ന സുധീര്‍ മുഗന്ധിവാര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11 മണിക്ക് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി അറിയിച്ചിരിക്കുന്നത്.

Comments are closed.