യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയുടെ കാരണം ക്ലൗഡ് സീഡിങ്

ദുബായ്: യുഎഇയില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ നടത്തിയ ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ശക്തമായ മഴ പെയ്തതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ക്ലൗഡ് സീഡിങ് ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ഖാലിദ് അല്‍ ഉബൈദി അറിയിച്ചു.

കനത്ത മഴയിലും കാറ്റിലും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ കെട്ടിട അവിശിഷ്ടങ്ങളും മറ്റും പാറിനടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദുബായ് മാളില്‍ വെള്ളം കയറുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു.

വിമാനങ്ങള്‍ ഉപയോഗിച്ച് മഴ സാധ്യതയുള്ള മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീസിങ്. അറേബ്യന്‍ ഗള്‍ഫ് പ്രദേശങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ മേഘങ്ങള്‍ ഉള്ളതിനാല്‍ ക്ലൗഡ് സീഡിങ് തുടരാനാണ് തീരുമാനം. മഴ ലഭ്യതയില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ക്ലൗഡ് സീഡിങ് നടത്തുന്നതിനായി കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രൗണ്ട് വെതര്‍ മോഡിഫിക്കേഷന്‍ സിസ്റ്റം എന്ന സംവിധാനവും യുഎഇ ഉപയോഗിക്കുന്നുണ്ട്. പര്‍വതങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ഗ്രൗണ്ട് ജനറേറ്ററുകളില്‍ നിന്ന് മേഘങ്ങളിലേക്ക് രാസവസ്തുക്കള്‍ വിതറുന്ന രീതിയാണിത്.

Comments are closed.