അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്പന നടത്തുന്നതിനും സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മണല്‍ക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണ മേഖലയ്ക്ക് ആശ്വാസമാകുന്ന രീതിയില്‍ മഹാപ്രളത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്പന നടത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് ഉള്‍പ്പെടെ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത്. മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും.

മണല്‍ നിറഞ്ഞതിനാല്‍ വെള്ളിയാങ്കല്‍ ഉള്‍പ്പെടെ പല അണക്കെട്ടിന്റെയും പ്രവര്‍ത്തനം നിലച്ചിരുന്നു. മണല്‍ നീക്കം ചെയ്യണമെന്ന ഡാം റഗുലേറ്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് ഉത്തരവ്. മണല്‍ ഘട്ടം ഘട്ടമായി അടുത്ത മാര്‍ച്ചിനു മുമ്പ് വില്ക്കുകയാണ് ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി, രണ്ടു മാസത്തിനകം 10 ലക്ഷം ഘനമീറ്റര്‍ മണല്‍ വിപണയിലെത്തിക്കുന്നതാണ്.

അണക്കെട്ടുകളിലെ മണലില്‍ 40 ശതമാനം എക്കലാണ്. ഇത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കും. മണല്‍ പൊതുവിപണിയില്‍ വില്‍ക്കാം. അതിന്റെ വില കരാറുകാര്‍ക്ക് നിശ്ചയിക്കാം.നിലവില്‍ ഒരു ലോഡ് മണലിന് 3500- 9000 രൂപ വരെയാണ് വില.മണല്‍ വാരുന്നതിനും വില്പനയ്ക്ക് എത്തിക്കുന്നതിനുമുള്ള ചുമതല പൊതുമേഖലയ്ക്കു നല്‍കാന്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി പൊതുമേഖലയ്ക്ക് മത്സരിക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കൂടിയ തുക ക്വാട്ട് ചെയ്യുന്നവര്‍ക്കാണ് അനുമതി നല്‍കുക. സംസ്ഥാനത്തെ 20 റിസര്‍വോയറുകളിലെ മണല്‍ ആദ്യ ഘട്ടത്തിലും ബാക്കി 32 റിസര്‍വോയറുകളിലേത് രണ്ടാം ഘട്ടത്തിലും വില്പന നടത്തും. ലഭിക്കുന്ന തുകയുടെ 20 ശതമാനം ഡാമുകളുടെ അറ്റക്കുറ്റപ്പണിക്ക് വിനിയോഗിക്കും.മണല്‍ വില്പനയിലൂടെ ലഭിക്കുന്ന ലാഭം, അതിന്റെ തരംതിരിവ്,അളവ് തുടങ്ങിയവ ഉള്‍പ്പെടുത്തി വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് സ്വകാര്യസ്ഥാപനത്തെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കൂടാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി മണല്‍ വാരി വില്പന നടത്താമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. വ്യവസ്ഥകള്‍ക്കു വിധേയമായി 25 ലക്ഷം രൂപ കരാറുകാര്‍ കെട്ടിവയ്ക്കണം. ഉയര്‍ന്ന ടെന്‍ഡര്‍ അനുസരിച്ചാണ് പാസ് നല്‍കുക. വാരുന്ന മണലിന്റെ കണക്കും അതിനനുസരിച്ചുള്ള ഫീസും മാസത്തില്‍ ഒരിക്കല്‍ ജില്ലാ അധികൃതര്‍ക്ക് നല്‍കണം. തുടര്‍ന്ന് ചൂഷണം തടയാന്‍ മണല്‍ വാരുന്നയിടങ്ങളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും.

Comments are closed.