മണ്ഡലകാലത്ത് വനിതാ പൊലീസില്ല: പ്രതിഷേധം ആവർത്തിക്കുമെന്നു ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കേ ശബരിമല സന്നിധാനത്തു വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം.ഇന്റലിജൻസ് സുരക്ഷാ റിപ്പോർട്ടിൽ മുൻവര്‍ഷത്തെപ്പോലെ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ സുരക്ഷ കര്‍ശനമാക്കൻ സർക്കാർ സുരക്ഷാ പദ്ധതി തയാറാക്കി.കഴിഞ്ഞ വർഷത്തേക്കാൾ പൊലീസിന്റെ അംഗബലം കുറച്ചിട്ടുണ്ട്.

പ്രശ്ന സാധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ നിലയ്ക്കലിനപ്പുറത്തേക്ക് പ്രവേശനം അനുവദിക്കേണ്ട എന്നാണ് തീരുമാനം. ഇന്റലിജൻസ് സുരക്ഷാ റിപ്പോർട്ട് പുറത്ത്
പൊലീസ് തയാറാക്കിയ ശബരിമല സുരക്ഷാപദ്ധതിയില്‍ യുവതി പ്രവേശം നടപ്പാക്കണമെന്നോ വേണ്ടെന്നോ പറയുന്നില്ല.

യുവതികള്‍ക്ക്  പ്രവേശിക്കാമെന്ന വിധിയും അതിനെതിരെയുള്ള പുനപരിശോധനാഹര്‍ജിയും നിലനില്‍ക്കുന്നൂവെന്നു മാത്രമാണ് പരാമര്‍ശം. എങ്കിലും കഴിഞ്ഞവര്‍ഷമുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ സാധാരണയുള്ള സുരക്ഷാക്രമീകരണത്തിനൊപ്പം പ്ലാൻ ബിയും ചേര്‍ത്താണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സന്നിധാനത്തും പമ്പയിലുമെല്ലാം ഐജിമാര്‍ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇത്തവണ ഡിഐജിയും എസ്പിയുമായി അതു ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന പലനിയന്ത്രണങ്ങളും ആദ്യഘട്ടത്തില്‍ ഇല്ല.

സന്നിധാനത്ത് ഡിഐജിയും പമ്പയിലും നിലയ്ക്കലിലും എസ്പിമാരും നേതൃത്വം നല്‍കും. എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിനും ഐജിമാരായ എം. ആര്‍. അജിത്കുമാറിനും ബല്‍റാം കുമാര്‍ ഉപാധ്യായക്കുമാണ് മേല്‍നോട്ടച്ചുമതല. കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചെങ്കില്‍ ഈ മണ്ഡലകാലം അതിന്റെ പകുതിയോളം പൊലീസേയുള്ളു.വനിത പൊലീസിനെ സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി വ്യന്യസിക്കും.

പക്ഷെ പ്രതിേഷധം നേരിടാന്‍ ആയുധങ്ങളടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സ് സന്നിധാനത്തും മരക്കൂട്ടത്തുമെല്ലാമുണ്ടാകും. തീവ്രവാദഭീഷണിയുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് മുന്നറിപ്പ് ലഭിച്ച സാഹചര്യത്തിൽ ശബരിമലയിൽ  അതിനെ നേരിടാന്‍ ആര്‍മിയുടെ സഹായത്തോടെ പ്രത്യേക വ്യോമനിരീക്ഷണവും നടപ്പാക്കും.
ഷിബു കൂട്ടുംവാതുക്കൽ

Comments are closed.