വാളയാറില്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി : വാളയാറില്‍ ഒമ്പതു വയസുകാരിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതി വാളയാര്‍ നാഗംകുളങ്ങര സ്വദേശി പ്രദീപ്കുമാര്‍, 13 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പാലക്കാട് പുതുശേരി സ്വദേശി വലിയ മധുവെന്ന മധു എന്നിവരെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

വിധി റദ്ദാക്കി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് പുനര്‍വിചാരണ നടത്തണമെന്നും ബെസ്റ്റ് ബേക്കറി കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച തത്ത്വങ്ങള്‍ ഈ കേസില്‍ ബാധകമാണെന്നും അപ്പീലില്‍ പറയുന്നു. കൂടാതെ പ്രതികള്‍ക്കു വേണ്ടി ഹാജരായ ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷന്‍ പ്രോസിക്യൂഷന്റെ പരാജയത്തിന് വഴിയൊരുക്കി.

കൊലക്കേസായിട്ടും അന്വേഷണസംഘം പ്രതികളുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാഷ്ട്രീയ നേതൃത്വത്തെ അനുസരിച്ചു നിലകൊണ്ടു. പുനര്‍വിചാരണക്ക് ആവശ്യമായ അസാധാരണമായ സാഹചര്യങ്ങള്‍ ഈ കേസിലുണ്ടെന്നും അപ്പീലില്‍ പറയുന്നു. 13 വയസുകാരിയെ 2017 ജനുവരി 13 നും ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതികളുടെ ലൈംഗികപീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. മധുവിനെ 2017 മാര്‍ച്ച് ഒമ്പതിനും പ്രദീപ് കുമാറിനെ മാര്‍ച്ച് 10 നുമാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരു പ്രതികള്‍ക്കുമെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് പറഞ്ഞ് വിചാരണക്കോടതി ഇവരെ വെറുതെവിട്ടിരുന്നു.

അന്വേഷണം ഏറ്റെടുത്ത പുതിയ ഉദ്യോഗസ്ഥനു മുന്നിലാണ് ഇവര്‍ ദൃക്സാക്ഷി മൊഴി നല്‍കിയതെന്നും ഇതിനു മുമ്പ് ഇക്കാര്യം പറഞ്ഞില്ലെന്നുമാണ് കോടതി വിലയിരുത്തിയത്. കുട്ടികളുടെ ഭാവിയെ കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന വാദം കോടതി തള്ളി. മൊഴി രേഖപ്പെടുത്തിയതില്‍ തീയതി ഇടാത്തതിനാല്‍ തിരിമറി നടന്നിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും വിധിയില്‍ പറയുകയാണ്.

Comments are closed.