ഇന്ത്യക്കാര്‍ മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ നിയമ നടപടി

മസ്‌ക്കറ്റ്: ഒമാനിലെ ജലവിതരണ പദ്ധതി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ വെള്ളം നിറഞ്ഞ് ആറ് ഇന്ത്യക്കാര്‍ മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ നിയമ നടപടികളുമായി ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം. ഞാറാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്.

ബീഹാര്‍ സ്വദേശികള്‍ ആയ സുനില്‍ ഭാരതി, വിശ്വ കര്‍മ്മ മഞ്ജി, ആന്ധ്രാ പ്രദദേശ് സ്വദേശികളായ രാജു സത്യനാരായണ, ഭീമാ രാജു, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് ചൗഹാന്‍, തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാര്‍ എന്നിവര്‍ ആണ് അപകടത്തില്‍ മരണപ്പെട്ടത്.ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഒമാനിലെ തൊഴിലാളി സംഘടനകള്‍ പ്രതികരിച്ചത്.

സംഭവത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം പറഞ്ഞു. മരിച്ച കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് സംഭവത്തിന്റെ പൂര്‍ണ വിശദാശംങ്ങള്‍ക്കായി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

Comments are closed.