മുന്‍മന്ത്രി പി. ചിദംബരത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കുടുംബം

ന്യൂഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി. കടുത്ത വയറുവേദനയെ തുടര്‍ന്ന് ചിദംബരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ തിഹാര്‍ ജയിലിലേയ്ക്ക് തന്നെ തിരികെ കൊണ്ടുപോകുകയുമായിരുന്നു.

എന്നാല്‍ ചിദംബരത്തിന് നല്‍കുന്ന ചികിത്സയില്‍ തൃപ്തിയില്ലെന്നും അദ്ദേഹത്തിന്റെ ശരീരഭാരം കുറയുന്നുവെന്നും കുടുംബം പറഞ്ഞു. ജയിലില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ചികിത്സയില്‍ തൃപ്തരല്ലെന്നും അദ്ദേഹം ഏറെ കഷ്ടപ്പെടുകയാണെന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് ഹൈദരാബാദിലുള്ള ഉദരരോഗ വിദഗ്ധനും 2016 മുതല്‍ ചിദംബരത്തെ ചികിത്സിക്കുകയും ചെയ്യുന്ന നാഗേശ്വര റെഡ്ഡി വ്യക്തമാക്കി.

ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശ നിക്ഷേപം അനുവദിച്ചുവെന്ന് ആരോപിച്ചാണ് കേസ്.

Comments are closed.