ഐ ഐ ടി വിദ്യാർത്ഥിനിയുടെ ആത്മഹത്യ: നിയമസഭയിൽ

കൊല്ലം: കിളികൊല്ലൂര്‍ സ്വദേശിയും ചെന്നൈ ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ലത്തീഫിനെ 08.11.2019-ന് രാത്രി ഐ.ഐ.ടി ക്യാമ്പസില്‍ ആത്മഹത്യ ചെയ്ത സംഭവം ഇരവിപുരം എംഎൽഎ നൗഷാദ് നിയമസഭയിൽ ചോദ്യോത്തര വേളയിൽ അവതരിപ്പിച്ചു.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുന്നതിനായി ഇടപണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിതാവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി തമിഴ്‌നാട് പോലീസ് മേധാവിക്ക് 14.11.2019-ന് കത്ത് നല്‍കി. മരണവുമായി ബന്ധപ്പെട്ട് നിലവില്‍ സി.ആര്‍.പി.സി. 174 പ്രകാരം തമിഴ്‌നാട് കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 394/2019 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരുന്നു.

സംസ്ഥാന പോലീസ് മേധാവി തമിഴ്‌നാട് ഡി.ജി.പി.യുമായും ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ വിശ്വനാഥന്‍ ഐ.പി.എസ്സുമായും ബന്ധപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണം ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും കമ്മീഷണറും അഡീഷണല്‍ പോലീസ് കമ്മീഷണറും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും അഡീഷണല്‍ എസ്.പി. തലത്തിലുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

ഇന്‍വെസ്റ്റിഗേറ്റിങ്ങ് ഓഫീസര്‍ സി.ബി.ഐ.യില്‍ പ്രവര്‍ത്തനപരിചയമുള്ള ആളാണെന്നും അറിയിച്ചിട്ടുണ്ട്. കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി. സുധാകരൻ മറുപടി നൽകി.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.