ബജാജ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിനായുള്ള വാറണ്ടിയും സര്‍വ്വീസ് വിശദാംശങ്ങളും പുറത്ത്

പുതിയ ബജാജ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറിനായുള്ള വാറണ്ടിയും സർവ്വീസ് വിശദാംശങ്ങളും വെളിപ്പെടുത്തി ബജാജ് ഓട്ടോ. കഴിഞ്ഞ ദിവസമാണ് പുതിയ ഇലക്ട്രിക്ക് സ്കൂട്ടറിനെ ബജാജ് പൂനെയില്‍ അവതരിപ്പിച്ചത്.

ചേതക് ഇലക്ട്രിക്കിനായി ബജാജ് ഓട്ടോ മൂന്ന് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്ററിന്റെ വാറന്റി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക്ക് വാഹനത്തിലെ ബാറ്ററിയെക്കുറിച്ച് പൂർണ വിവരങ്ങൾ ലഭ്യമല്ലെങ്കിലും കുറഞ്ഞത് 70,000 കിലോമീറ്ററെങ്കിലും നീണ്ടുനിൽക്കുന്ന തരത്തിലാണ് അവ നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അറ്റകുറ്റപ്പണിയെ സംബന്ധിച്ചിടത്തോളം പൂനെ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാവ് 15,000 കിലോമീറ്റർ സർവ്വീസ് ഇടവേള പ്രഖ്യാപിച്ചിട്ടുണ്ട്. ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഈ വർഷം ഒക്ടോബറിൽ ബജാജ് ഓൾ-ഇലക്ട്രിക്ക് ചേതക് പ്രദർശിപ്പിക്കുകയും നവംബർ 15 ന് പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ പുറത്തിറക്കുകയും ചെയ്തു. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.

വളഞ്ഞ ലൈനുകൾ, കുറഞ്ഞ ബോഡി ഗ്രാഫിക്സ് എന്നിവയുള്ള ഒരു റെട്രോ ഡിസൈനാണ് സ്കൂട്ടറിന് ബജാജ് നൽകിയിരിക്കുന്നത്. ഈ ഡിസൈൻ ആളുകളെ ആകർഷിക്കാൻ സഹായിച്ചിട്ടുണ്ട്. എങ്കിലും പിയാജിയോ വെസ്പ സ്കൂട്ടറിന്റെ ഡിസൈനിന് സാമ്യമുണ്ടെന്ന ചർച്ചകളും സജീവമാണ്.

ബജാജ് ഓട്ടോയിൽ നിന്നുള്ള പുതിയ ഇലക്ട്രിക്ക് ഓഫറുകളെല്ലാം സവിശേഷതകളാൽ സമ്പന്നമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ആക്റ്റിവേറ്റഡ് ഇലക്ട്രോണിക് സ്വിച്ചുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നു.

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിംഗുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് ബജാജ് ഇലക്ട്രിക്ക് സ്കൂട്ടിറിന് കരുത്തേകുന്നത്. ഇത് സ്റ്റാൻഡേർഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി ചാര്‍ജ് ചെയ്യാനും സാധിക്കും. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും സ്കൂട്ടറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ബജാജ് ചേതക് ഇലക്ട്രിക് പ്രീമിയം ഉൽ‌പ്പന്നമായി വാഗ്ദാനം ചെയ്യുന്നതിനാൽ സ്കൂട്ടറിന് 1.15 ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. പ്രീമിയം സ്‌കൂട്ടര്‍ ആയതിനാൽ കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും വാഹനത്തിന്റെ വില്‍പ്പന.

Comments are closed.