ശിവസേനയ്ക്ക് അഞ്ച് വര്‍ഷവും മുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് സഖ്യസര്‍ക്കാര്‍ രൂപീകരിക്കും

മുംബൈ: രാഷ്ട്രപതി ഭരണത്തിലായ മഹാരാഷ്ട്രയില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും നടത്തിയ 48 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ശിവസേനയ്ക്ക് അഞ്ച് വര്‍ഷവും മുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് എന്‍.സി.പിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നും എന്‍.സി.പിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാനും ധാരണയായി.

അതിനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസും എന്‍. സി. പിയും നിര്‍ദ്ദേശിച്ചതായും എന്‍.സി.പിക്ക് 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നുമാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന് എന്‍.സി.പി നേതാവ് ശരദ്പവാര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് പിന്മാറി.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ടും എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീലും ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. തുടര്‍ന്ന് ബി.ജെ.പിയെ അകറ്റാന്‍ ആശയ വൈരുദ്ധ്യങ്ങള്‍ മറന്ന് ശിവ സേനയ്ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പൊതു മിനിമം പരിപാടിയും ശിവസേനയുമായി കൂടുന്നതിന്റെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ എന്‍. സി. പി നേതാവ് ശരദ് പവാന്‍ നാളെ സോണിയാ ഗാന്ധിയെ കാണുന്നുണ്ട്.

സോണിയ – പവാര്‍ ചര്‍ച്ചയ്ക്ക് ശേഷം നാളെ വൈകിട്ടോ, തിങ്കളാഴ്ചയോ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് അറിവ്. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും പുതിയ സഖ്യസര്‍ക്കാര്‍ അഞ്ച് കൊല്ലവും ഭരിക്കുമെന്നും ശരദ് പവാറും ഇന്നലെ പ്രഖ്യാപിച്ചു. അതേസമയം ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ എതിര്‍ക്കരുതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായും അറിയുന്നു.

Comments are closed.