മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് ശുഭതുടക്കമായി

ശബരിമല: മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് ശുഭതുടക്കമായി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ശബരീശന് മുന്നില്‍ വിളക്ക് തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു.

തന്ത്രി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്‌നി തെളിച്ച ശേഷം പുതിയ സന്നിധാനം മേല്‍ശാന്തിയെ സ്വീകരിച്ച് പതിനെട്ടാം പടി കയറി. തുടര്‍ന്ന് ഇരുമുടിക്കെട്ടേന്തിയ ഭക്തരെ കയറ്റി. ഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം നല്‍കി. പുതിയ ശബരിമല മേല്‍ശാന്തിയായി എ.കെ.സുധീര്‍ നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങ് ഇന്നലെ രാവിലെ 6.15ന് ആരംഭിച്ചു.

അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രിയെ കലശാഭിഷേകം നടത്തി. അയ്യപ്പന്റെ മൂലമന്ത്രം തന്ത്രി മേല്‍ശാന്തിക്ക് പകര്‍ന്നുനല്‍കി.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോര്‍ഡ് ഭാരവാഹികളും ഇന്ന് ദര്‍ശനം നടത്തുന്നതാണ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.എസ്.രവി, എന്‍.വിജയകുമാര്‍, ദേവസ്വം കമ്മിഷണര്‍ എം.ഹര്‍ഷന്‍, പൊലീസ് കൗണ്‍ട്രോളര്‍ രാഹുല്‍ ആര്‍.നായര്‍, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ് തുടങ്ങിയവര്‍ നട തുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയിരുന്നു. ഡിസംബര്‍ 27നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ. ജനുവരി 15നാണ് മകരവിളക്ക്.

Comments are closed.