ഉഗ്രശേഷിയുള്ള ബോംബുകൾ പിടികൂടി

നാദാപുരം : ചേലക്കാട് കരിങ്കൽ ക്വാറിക്കു സമീപം കുളങ്ങരത്ത് ഇടവഴിയിൽ കയ്യാലപ്പൊത്തിൽ പ്ലാസ്റ്റിക് ബക്കറ്റുകളിൽ ഒളിപ്പിച്ച ഉഗ്രശേഷിയുള്ള 14 ബോംബുകളും
വെടി മരുന്നും പൊലീസ് പിടികൂടി. ബോംബുകൾ നിർവീര്യമാക്കാൻ പൊലീസ് എത്താറുള്ള ചേലക്കാട് കുളങ്ങരത്ത് ക്വാറിക്കു സമീപം തന്നെയാണ് 14 ബോംബുകൾ സൂക്ഷിച്ചിരുന്നത്.

ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണു കാട് വെട്ടിതെളിക്കുമ്പോൾ പറമ്പുകൾക്ക് ഇടയിലുള്ള പെ‍ാന്തമൂടിയ ഭാഗത്ത് ബക്കറ്റുകൾ കണ്ടത്. തൊഴിലാളികൾ വിവരം അറിയിച്ചതനുസരിച്ചു നാദാപുരത്തുനിന്നു ബോംബ് സ്ക്വാഡും കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിൽനിന്നു  പൊലീസും എത്തി ഇവ കസ്റ്റഡിയിലെടുത്തു.

ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്ന് പാത്രത്തിൽ നിറച്ച നിലയിലായിരുന്നു. 5 പുതിയ സ്റ്റീൽ ബോംബുകളും 5 പഴയ സ്റ്റീൽ ബോംബുകളും 2 പൈപ്പ് ബോംബുകളും 2 നാടൻ ബോംബുകളുമാണ് ബക്കറ്റുകളിൽ കണ്ടെത്തിയത്. .ബോംബുകൾ കുളങ്ങരത്ത് കരിങ്കൽ ക്വാറിയിൽ എത്തിച്ചു ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നാദാപുരം, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോംബുകളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തുന്നത്. കുളങ്ങരത്തുനിന്ന് കണ്ടെത്തിയ പൈപ്പ് ബോംബുകളിൽ 5 എണ്ണം പുതിയതും 5 എണ്ണം പഴയതും.

ഇരു ഭാഗങ്ങളും പശ കൊണ്ട് അടച്ച ഈ ബോംബുകൾ ഉഗ്രശേഷിയുള്ളവയാണ്. തിരിയും ഘടിപ്പിച്ചിരുന്നു. ഒരു കിലോ വെടിമരുന്നിനു പുറമേ, 500 ഗ്രാം സൾഫറും 200 ഗ്രാം അമോണിയം നൈട്രേറ്റും കണ്ടെത്തിയവയിലുണ്ട്.ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന തിരിയും കണ്ടെത്തിയിട്ടുണ്ട്. നാദാപുരം കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.