ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റു ചെയ്യണമെന്ന് പിതാവ്

തിരുവനന്തപുരം: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റു ചെയ്യണമെന്നും ഇല്ലെങ്കില്‍ തെളിവുകള്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറുമെന്നും ചന്നൈയില്‍ നിന്ന് തിരിച്ചെത്തിയ ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

നടന്നതെല്ലാം ദുരൂഹമാണ്. ഫാത്തിമയുടെ ലാപ്ടോപ്പും ടാബും കൈവശമുണ്ട്. അവയിലെ രേഖകള്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് കൈമാറുന്നതിനെക്കുറിച്ച് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കും. മരണത്തിന് ഉത്തരവാദി ആരാണെന്ന് മകള്‍ തന്നെ വ്യക്തമാക്കിയതാണ്.

സുദര്‍ശനന്‍ പത്മനാഭനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. നാല് മാസം മാത്രമാണ് മകള്‍ കാമ്പസിലുണ്ടായിരുന്നത്. ഇങ്ങനെ മരണമടയുന്ന അവസാന വിദ്യാര്‍ത്ഥിയായിരിക്കണം തന്റെ മകള്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്.

പരിഷ്‌കൃത സമൂഹത്തില്‍ കാണാന്‍ കഴിയാത്തത്ര മോശം പെരുമാറ്രമാണ് കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ അനുഭവിച്ചത്. സാമ്പത്തിക ശേഷിയുള്ളതുകൊണ്ടാണ് താന്‍ കേസുനല്‍കിയതെന്ന ഐ.ഐ.ടിയുടെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.

തന്നേക്കാള്‍ സാമ്പത്തികസ്ഥിതിയുള്ളയാളാണ് സുദര്‍ശനന്‍. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഐ.ഐ.ടി അധികൃതര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലില്‍ വലിയ പ്രതീക്ഷയുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

Comments are closed.