ഫാത്തിമ ലത്തീഫ് മരിച്ചനിലയില്‍ കാണപ്പെട്ടതിന്റെ തലേദിവസം മാതാവിനെ വിളിച്ചതും ദുരൂഹത

കൊല്ലം: ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരിച്ചനിലയില്‍ കാണപ്പെട്ടതിന്റെ തലേദിവസമായ 8ന് വൈകിട്ട് 5.45നാണ് പെണ്‍കുട്ടി മാതാവിനെ വിളിച്ചത്. സന്തോഷത്തോടെ സംസാരിച്ച ഫാത്തിമ പഠനത്തില്‍ ശ്രദ്ധിക്കാനായി ഫോണ്‍ ഓഫാക്കുമെന്നും പറഞ്ഞു.

സാധാരണ എട്ട് മണിക്ക് മുമ്പ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന ഫാത്തിമ അന്ന് രാത്രി 9ന് മെസില്‍ ഇരുന്ന് കരയുന്നത് കണ്ടതായി ജീവനക്കാരും രാത്രി 12 മണിക്ക് മുറിയില്‍ വിഷമിച്ചിരിക്കുന്നത് കണ്ടതായി ചില സഹപാഠികളും മൊഴി നല്‍കുകയുമായിരുന്നു. 9ന് രാവിലെ 11ഓടെയാണ് ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതാണ് അമ്മയെ വിളിച്ച ശേഷം ഉണ്ടായ എന്തോ ദുരനുഭവമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. ആത്മഹത്യയുടെ കാരണം സൂചിപ്പിക്കുന്ന കുറിപ്പ് ഫാത്തിമ മൊബൈലില്‍ സ്‌ക്രീന്‍ സേവറായി ഇട്ടിരുന്നു. വിശദവിവരങ്ങള്‍ സാംസംഗ് നോട്ടില്‍ ഉണ്ടെന്നും സുദര്‍ശന്‍ പത്മനാഭന്‍ എന്ന അദ്ധ്യാപകനെ പ്രതിക്കൂട്ടിലാക്കു അദ്ധ്യാപകന്‍ ഇന്റണേല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചെന്നും തന്നോട് വിവേചനം കാണിക്കാറുണ്ടെന്നും ഫാത്തിമ രക്ഷാകര്‍ത്താക്കളോട് പറഞ്ഞിട്ടുണ്ട്.

തന്റെ മരണത്തിന് മറ്റ് രണ്ട് അദ്ധ്യാപകരും ചില വിദ്യാര്‍ത്ഥികളും കാരണക്കാരണെന്നും ഫാത്തിമയുടെ സാംസംഗ് നോട്ടിലുണ്ട്. അതിനാല്‍ ആരോപണവിധേയരായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കാമ്പസ് വിട്ടുപോകരുതെന്ന് കേന്ദ്ര ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചു.

കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിശദ അന്വേഷണത്തിന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ഇന്നലെ ചെന്നൈയിലെത്തിയിരുന്നു. മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും.

Comments are closed.